കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ആറാം വേദിയായ കഥയില്‍ ‘ആയുസ്സിന്റെ പുസ്തകം: നാല്‍പത് വായനാവര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സി.വി ബാലകൃഷ്ണനും രാജേന്ദ്രന്‍ എടത്തുംകരയും ചര്‍ച്ചയില്‍ പങ്കെടുത്തു. പുസ്തക പ്രസിദ്ധീകരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. പല പ്രസാധകരും കൈയ്യൊഴിഞ്ഞുവെന്നും ഡിസി ബുക്ക്‌സാണ് നോവല്‍ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചതെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം ബൈബിളുമായി വളരെ ബന്ധമുള്ള കൃതിയാണ്. മലയാള സാഹിത്യത്തിലാദ്യമായി സ്വവര്‍ഗ പ്രണയം പ്രത്യക്ഷപ്പെട്ടത് തന്റെ പുസ്തകതിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഹന്നാന്‍ എന്ന ബൈബിളിലെ കഥാപാത്രത്തിലൂടെയാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവലിലേക്ക് കടക്കുന്നതെന്നും തമിഴ് ഭാഷയിലേക്കാണ് ആദ്യമായി ആയുസ്സിന്റെ പുസ്തകം വിവര്‍ത്തനം ചെയ്തതെന്നും ചര്‍ച്ചയില്‍ പറഞ്ഞു.