ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല: എം.സ്വരാജ്

ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല: എം.സ്വരാജ്

കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ലായെന്ന് എം.സ്വരാജ്. കെ.എല്‍.എഫിന്റെ മൂന്നാം ദിവസം’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന സെഷനില്‍ പി.കെ ഫിറോസിന്റെ പരാമര്‍ശത്തോട് വിയോജിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സാമൂഹ്യ മുന്നേറ്റം തന്നെ ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറി എന്നതാണ് അതിനെ വ്യസതമാക്കുന്നതെന്നും ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങള്‍ തൊട്ട് എല്ലാത്തിലും കൃത്യമായി ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഉണ്ടെന്നും എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വളര്‍ച്ചയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കല്ലായെന്നും മറിച്ച് വ്യത്യസ്ത ആശയധാരകളും സ്വാതന്ത്ര്യ സമരവുമാണ് അതിന് കാരണമെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസിലെ കേളപ്പന്‍ ഇതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നെന്നും അന്‍പതുകളുടെ അവസാനത്തില്‍ കേരളത്തിന്റെ ഭാഗമായ ബി.ജെ.പി യും ജനസംഘവും വലിയ രീതിയില്‍ ഇടപെടലുകള്‍ നടത്തിയതായും അടിയന്തരാവസ്ഥ കാലത്തില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ ബി.ജെ.പിക്ക് സാധിച്ചുവെന്നും എം.ടി രമേശ് പറഞ്ഞു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളും ശബരിമല സമരവും തമ്മില്‍ കൂട്ടി കുഴയ്ക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയും സുരക്ഷയും മുന്നില്‍ കണ്ടാണ് ലീഗ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് കടന്നു വന്നതെന്നും കേരളത്തിന്റെ വളര്‍ച്ച എന്നാല്‍ അതിലെ വിവിധ വിഭാഗങ്ങളുടെ വളര്‍ച്ചായണെന്നും പി. കെ ഫിറോസ് ചര്‍ച്ചയില്‍ പറഞ്ഞു. ഏറ്റവും വലിയ കാര്യം മുസ്ലിംങ്ങളുടെ അരക്ഷിത ബോധം മാറ്റാന്‍ ലീഗിനായി എന്നതാണെന്നും മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മാറ്റത്തിലും ലീഗിന് വലിയ പങ്കുണ്ടെന്നും വേഷം മാറുമ്പോള്‍ ജന്‍ഡര്‍ ഇക്വാലിറ്റി വരില്ല എന്നും ഒപ്പം ജന്‍ഡര്‍ ജസ്റ്റിസ് ആണ് ജന്‍ഡര്‍ ഇക്വാലിറ്റിയെക്കാള്‍ നാം നോക്കി കാണേണ്ടതെന്നും പി.കെ ഫിറോസ് നിരീക്ഷിച്ചു.

കോണ്‍ഗ്രസാണ് സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും വേണ്ടി പടപൊരുതിയത് എന്ന് ദിനേശ് പെരുമണ്ണ ചര്‍ച്ചയില്‍ പറഞ്ഞു. കാലാന്തരത്തില്‍ നേതാക്കള്‍ മറ്റു ആശായങ്ങളിലേയ്ക്ക് പോയി എങ്കിലും അവര്‍ക്ക് പ്രചോദനമായതും കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിന്റെ യാത്രയ്ക്കിടയില്‍ പല വീഴ്ചയും ഉണ്ടാകാം എന്നാല്‍ അത് കോണ്‍ഗ്രസിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നില്ലായെന്നും കോണ്‍ഗ്രസിന്റെ നയം മതേതരത്വം ആണെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്ത് വിഷയം വന്നപ്പോഴും ശബരിമല വന്നപ്പോഴും കോണ്‍ഗ്രസ് സമരമുഖത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *