തിരുവനന്തപുരം: വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, വര്‍ക്കല മുനിസിപ്പാലിറ്റി, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കെ.എല്‍.ഡി.ബി, കേരള ഫീഡ്‌സ് എന്നിവരുമായി സഹകരിച്ച് ജനുവരി 14 ശനിയാഴ്ച്ച ഒറ്റൂര്‍ മാമ്പഴക്കോണം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന വര്‍ക്കല ക്ഷീരസംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബിക അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, വര്‍ക്കല എം.എല്‍.എ അഡ്വ.വി. ജോയി തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവ നടക്കും.