ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി
കൊല്‍ക്കത്ത: ഈഡന്‍ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇരു ടീമുകളിലേയും ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ നിര്‍ണായകമായത് ബൗളര്‍മാരുടെ പ്രകടനങ്ങളാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. 20 റണ്‍സുമായി അവിഷ്‌ക ഫെര്‍ണാണ്ടോ പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നീടുവന്ന കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് നുവാനിഡു ഫെര്‍ണാണ്ടോ ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് 100 കടത്തി. 34 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടു കൂടി ലങ്കന്‍ പതനത്തിന് തുടക്കമായി. ധനഞ്ജയ ഡി സില്‍വയെ റണ്‍സെടുക്കുന്നതിന് മുന്നേ അക്ഷര്‍ പട്ടേല്‍ മടക്കി. അര്‍ധ സെഞ്ചുറിയുമായി മുന്നേറിയ നുവാനിഡു ഫെര്‍ണാണ്ടോയെ ശുഭ്മാന്‍ ഗില്‍ റണ്‍ഔട്ട് ആക്കിയത് കളിയില്‍ നിര്‍ണായകമായി. തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും വലിയ സംഭാവനകള്‍ നല്‍കാനായില്ല. 39.4 ഓവറില്‍ 215 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കും പ്രതീക്ഷിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും പ്രതീക്ഷ കാത്തില്ല. രോഹിത് ശര്‍മ 17ഉം ഗില്ല് 21ഉം കോലി നാലും റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. 103 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായി. രാഹുലിന് മികച്ച പിന്തുണയുമായി 28 റണ്‍സുമായി ശ്രേയസ് അയ്യരും 36 റണ്‍സുമായി ഹാര്‍ദിക്ക് പാണ്ഡ്യയും 21 റണ്‍സുമായി അക്ഷര്‍ പട്ടേലും നിന്നപ്പോള്‍ ആറ് വിക്കറ്റ നഷ്ടത്തില്‍ 43.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ലങ്കന്‍ നിരയില്‍ ചാമിക കരുണരത്‌നെ, ലഹിരുകുമാര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.