കോഴിക്കോട്: കെ.എല്‍.എഫ് അക്ഷരം വേദിയില്‍ യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് താനുര ശ്വേതമേനോന്‍, ബെന്യാമിന്‍, സജി മാര്‍ക്കോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണ് തുറപ്പിക്കുന്നതായിരിക്കണം യാത്ര എന്നും യാത്ര എന്നത് ദൂരമല്ല, നമുക്ക് അതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മുഹൂര്‍ത്തങ്ങളും ആണെന്ന് അമ്പത്താറ് രാജ്യങ്ങള്‍ സഞ്ചരിച്ച ഡാര്‍ക്ക് ടൂറിസ്റ്റര്‍ ആയ സജി മാര്‍ക്കോസ് പറഞ്ഞു. ഈജിപ്റ്റിലേക്ക് നടത്തിയ യാത്രയില്‍ മമ്മികളും വ്യത്യസ്ത പിരമിഡുകളുമല്ല അവിടത്തെ ആളുകളും അവര്‍ തന്ന ആഹാരത്തിന്റെ രുചിയുമാണ് തന്റെ ഓര്‍മയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപെടലില്‍ നിന്നും എന്നെ മനസിലാക്കാനാണ് എന്റെ യാത്ര എന്ന് ഇരുപത്തിയാറ് രാജ്യങ്ങള്‍ സോളോ യാത്ര നടത്തിയ ഡിസൈനര്‍ താനുര പറഞ്ഞു. അപരനു കൊടുക്കേണ്ട മൂല്യങ്ങളിലേക്ക് നാം വളരണമെന്ന് ബെന്യാമിന്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഡാര്‍ക്ക് ടൂറിസത്തെക്കുറിച്ചും മനുഷ്യന്റെ മേല്‍ മനുഷ്യന്‍ അതിക്രമിച്ച സ്ഥലങ്ങളാണ് ഇവയെന്നും ലോകത്തെ ഏറ്റവും ആകര്‍ഷമായത് ഇത്തരം സ്ഥലങ്ങളാണെന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് മൂവരും പറഞ്ഞു.