നവോത്ഥാനം എല്ലാ സമുദായങ്ങളുടേയും സംഭാവന ചര്‍ച്ച ചെയ്യണം: ശശി തരൂര്‍ എം.പി

നവോത്ഥാനം എല്ലാ സമുദായങ്ങളുടേയും സംഭാവന ചര്‍ച്ച ചെയ്യണം: ശശി തരൂര്‍ എം.പി

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കും പങ്കുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ പഠനം വേണമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. മുജാഹിദ് സെന്ററില്‍ കെ.എന്‍.എം നേതാക്കളെ സന്ദര്‍ശിച്ചു സംസാരിക്കുകയായിട്ടുന്നു അദ്ദേഹം. മുസ്ലീം നവോത്ഥാന ചരിത്രത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. നമ്മുടെ സമൂഹത്തില്‍ വര്‍ഗീയ വിഭജനം ശക്തമായ രൂപത്തില്‍ നടക്കുകയാണ്. മുറിവ് ഉണക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഈ രംഗത്ത് മതനിരപേക്ഷ കൂട്ടായ്മ വേണം. സമുദായങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഉണ്ടാകേണ്ടത്. അകലം വര്‍ധിക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് എല്ലാ സമുദായ നേതാക്കളെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ആരും രാഷ്ട്രീയം കാണരുത്. നമ്മുടെ പഴയ സൗഹൃദം വീണ്ടെടുക്കാനുള്ള എളിയ ശ്രമമാണ് താന്‍ നടത്തുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശശി തരൂര്‍ എം.പിയെന്ന് ടി.പി അബ്ദുല്ലകോയ മദനി പറഞ്ഞു. അദ്ദേഹത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളും സ്വാധീനവും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ പോലെ ഒരാള്‍ സമുദായനേതാക്കളെ കാണുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ.എന്‍.എം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റുമാരായ ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ. എന്‍.വി അബ്ദുറഹ്‌മാന്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, സെക്രട്ടറിമാരായ പാലത്തു അബ്ദുറഹ്‌മാന്‍ മദനി, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഐ.എസ്.എം വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *