തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ലീഗില്‍ നടന്ന ഫൈനലില്‍ മട്ടന്നൂര്‍ യുവധാര ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിനെ 166 റണ്‍സിന് തോല്‍പ്പിച്ചു ചാമ്പ്യന്‍മാരായി. ആദ്യം ബാറ്റ് ചെയ്ത യുവധാര ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറില്‍ മുസദിക്കിന്റെ സെഞ്ചുറിയുടെ (117 റണ്‍സ് ) കരുത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ സര്‍ സയ്യിദ് കോളേജ് 12.1 ഓവറില്‍ 56 റണ്‍സിനു എല്ലാവരും പുറത്തായി. യുവധാരക്ക് വേണ്ടി മുഹമ്മദ് സാഹിര്‍ മൂന്ന് വിക്കറ്റുകള്‍ കരസ്ഥമാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. നേരത്തെ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും മട്ടന്നൂര്‍ യുവധാര ക്ലബ് തോറ്റിരുന്നില്ല. ഫൈനലിലെ താരമായി സെഞ്ചുറി നേടിയ മുസദ്ധിക്കിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരമായും മികച്ച ബാറ്ററായും ഒരു സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ യുവധാര ക്ലബ്ബ് താരം പി.പി ലാസിമിനെ തിരഞ്ഞെടുത്തു. മികച്ച ബൗളറായി 11 വിക്കറ്റുകള്‍ നേടിയ യുവധാര ക്ലബ് ക്യാപ്റ്റന്‍ മുഹമ്മദ് സാഹിറിനെ തിരഞ്ഞെടുത്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.അനസ് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണ രാജു, കെ.നവാസ്, പി.നവാസ്, പി.കെ.ജിതേഷ് എന്നിവര്‍ സംസാരിച്ചു.