മലപ്പുറം: താന്‍ ആവശ്യപ്പെട്ടിട്ടല്ല പകരം, അവര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അവരെ പോയി കണ്ടതെന്ന് ശശി തരൂര്‍ എം.പി. തന്റെ കര്‍മഭൂമി കേരളമാണെന്നും മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നും അടുത്തിടെ ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിനോടനുബന്ധിച്ച് തരൂര്‍ കേരളത്തിലെ സമുദായ നേതാക്കളെയെല്ലാം കണ്ടിരുന്നു. കൂടിക്കാഴ്ചകളെല്ലാം വിവാദമാവുകയും ചെയ്തപ്പോഴാണ് തരൂര്‍ മറുപടിയുമായി രംഗത്തെത്തിയത്.
ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിന്റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത – സാമുദായിക നേതാക്കളുടെ പിന്തുണ ആവര്‍ത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങള്‍. തരൂരിനെ വാഴ്ത്തി എന്‍.എസ്.എസ് അടക്കം നിലയുറപ്പിക്കുമ്പോള്‍ കടുത്ത അമര്‍ഷമുണ്ടങ്കിലും കേരള നേതാക്കള്‍ വിമര്‍ശനം ഉള്ളിലൊതുക്കുന്നു. എന്നാല്‍ തരൂര്‍ ലൈന്‍ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചില രീതികളുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.