ശ്രദ്ധേയമായി ‘പ്രണയാഖ്യാനങ്ങള്‍: പ്രേമവും മലയാള നോവലും’ ചര്‍ച്ചാ സെഷന്‍

ശ്രദ്ധേയമായി ‘പ്രണയാഖ്യാനങ്ങള്‍: പ്രേമവും മലയാള നോവലും’ ചര്‍ച്ചാ സെഷന്‍

കോഴിക്കോട്: കെ.എല്‍.എഫിന്റെ വേദി നാല് അക്ഷരത്തില്‍ ഒന്നാം സെഷനില്‍ ‘ പ്രണയാഖ്യാനങ്ങള്‍: പ്രേമവും മലയാള നോവലും’ എന്ന വിഷയത്തില്‍ ജേക്കബ് എബ്രഹാം, സുധ തെക്കേ മഠം, റിഹാന്‍ റാഷിദ് , ആല്‍വിന്‍ ജോര്‍ജ് ബിനീഷ് പുതുപ്പണം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാള നോവല്‍ സാഹിത്യം ആരംഭിക്കുന്നിടത്തു നിന്ന് തന്നെ മലയാള നോവലുകളുടെ പ്രണയാഖ്യാനങ്ങള്‍ തുടങ്ങുന്നു എന്ന നിരീക്ഷണത്തോടെയാണ് മോഡറേറ്റര്‍ ബിനീഷ് പുതുപ്പണം സെഷന്‍ ആരംഭിച്ചത്. ആദമിന് ഒരു പെണ്‍ തുണ അനിവാര്യമായി വന്നപ്പോഴാണ് ദൈവം മണ്ണില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും, ആണ്‍-പെണ്‍ പ്രണയത്തിന്റെ തുടക്കം മനുഷ്യന്റെ അനാധികാലം മുതല്‍ തന്നെ ആരംഭിക്കുന്നുവെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. 1974ലെ വി. ടി നന്ദകുമാറിന്റെ ‘രണ്ടു പെണ്‍കുട്ടികള്‍’ എന്ന നോവലില്‍ ‘എന്താണ് പ്രണയം എന്നതില്‍ നിന്ന് തുടങ്ങി സ്വവര്‍ഗനുരാഗികളായ ഗിരിജയുടെയും കോകിലയുടെയും പ്രണയത്തെ അതില്‍ അതിഗംഭീരമായി അവതരിപ്പിചിരിക്കുന്നുവെന്ന് ജേക്കബ് എബ്രഹാം പറഞ്ഞു .

മലയാള നോവലുകളിലെ പ്രണയം ഏക മുഖാഖ്യാനങ്ങള്‍ ആയിരുന്നില്ല എന്നും എംടിയുടെ ‘മഞ്ഞിലെ’ വിമലയുടെ കാത്തിരിപ്പിന്റെ പ്രണയത്തില്‍ നിന്ന്, പെരുമ്പടവത്തിന്റെ ‘ഒരു സങ്കീര്‍ത്തനത്തിലെ’ പ്രണയത്തില്‍ എത്തുമ്പോള്‍ അതൊരു ആധി പിടിച്ച പ്രണയത്തിന്റെ ആഖ്യാനമായി മാറുന്നുവെന്നും അവിടെ നിന്ന് കെ.ആര്‍.മീരയുടെ ‘ഘാതകനില്‍’ എത്തുമ്പോള്‍ കണ്ണടച്ച് പ്രണയത്തില്‍ വീഴുകയല്ല വേണ്ടതെന്നും മറിച്ച് ജാഗ്രതയോടുള്ള സമീപനമാണ് അതിനോട് വേണ്ടതെന്നും സുധ തെക്കേമടം പറഞ്ഞു. പ്രണയിക്കുക എന്നതുപോലും യുദ്ധമായി മാറുന്ന കാലഘട്ടത്തില്‍ പ്രണയം സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമായി മാറുന്നുവെന്നും, മനുഷ്യന്‍ മനുഷ്യനെ തന്നെ പ്രണയിക്കട്ടെ എന്നും , പ്രണയത്തിലെ വേര്‍തിരിവുകള്‍ ഇല്ലാതാകട്ടെയെന്നും റിഹാന്‍ റാഷിദ് കൂട്ടിച്ചേര്‍ത്തു. ഇതോടുചേര്‍ന്ന് പ്രണയം എന്നത് പ്രണയം മാത്രമാണ് എന്നും മതങ്ങള്‍ നിര്‍മിച്ചുവെച്ച അനാവശ്യ അതിര്‍വരമ്പുകള്‍ പാപബോധങ്ങള്‍ ആണെന്നും, സദാചാരം വിച്ഛേദിച്ചുകൊണ്ട് പ്രണയം തുടരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്നും ആല്‍വിന്‍ ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. സമകാലിക സമൂഹത്തിലെ അഞ്ജലിയുടെ പ്രണയത്തെ കൂടെ രേഖപ്പെടുത്തി കൊണ്ടാണ് ആ സെഷന്‍ അവസാനിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *