കുറ്റാന്വേഷണ കൃതികള്‍ പെരുകിയതുകൊണ്ട് രാഷ്ട്രങ്ങള്‍ നശിച്ചുപോയിട്ടില്ല: ശിവന്‍ എടമന

കുറ്റാന്വേഷണ കൃതികള്‍ പെരുകിയതുകൊണ്ട് രാഷ്ട്രങ്ങള്‍ നശിച്ചുപോയിട്ടില്ല: ശിവന്‍ എടമന

കോഴിക്കോട്: ‘ഭാവനകളുടെ ഏറ്റുമുട്ടല്‍: കുറ്റാന്വേഷണനോവല്‍, ഇന്ന് ‘ എന്ന വിഷയത്തില്‍ കെ.എല്‍.എഫ് വേദി നാല് അക്ഷരത്തില്‍ നടന്ന ചര്‍ച്ചയില്‍ ശ്രീപാര്‍വതി, മായകിരണ്‍, ഡോ. രജത്. ആര്‍, ശിവന്‍ എടമന പ്രവീണ്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കുറ്റാന്വേഷണ നോവലുകള്‍ക്ക് വിദേശത്ത് വേണ്ട പ്രാധാന്യം ലഭിക്കുമ്പോള്‍ മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രചനകള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍ പ്രയാസമാകുന്നു എന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു. മലയാളസാഹിത്യത്തില്‍ കുറ്റാന്വേഷണകൃതികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലിറ്റററി ഫിക്ഷന്‍, ക്രൈം ഫിക്ഷന്‍ തുടങ്ങി ഓരോ സാഹിത്യത്തിനും അതിന്റേതായ നിലനില്‍പ്പുണ്ടെന്നും ഒന്നിനെ മറ്റൊന്നിനോട് തുലനപ്പെടുത്തേണ്ടതില്ലായെന്നും ശ്രീപാര്‍വതി പറഞ്ഞു. വിദേശത്ത് ക്രൈം ത്രില്ലര്‍ എഴുതാന്‍ പ്രത്യേക പരിശീലനം കൊടുക്കുമ്പോള്‍ മലയാളത്തില്‍ പൊതുവെ ആളുകള്‍ക്ക് ഇത്തരം കൃതികളോട് താല്‍പര്യം കുറവാണെന്നും അത് മാറ്റി പരിഗണനയോടെ സമീപിക്കണമെന്നും ശിവന്‍ എടമന ചര്‍ച്ചയില്‍ പറഞ്ഞു. മലയാളി വായനക്കാരുടെ ക്രൈം ത്രില്ലറുകളോടുള്ള വിയോജിപ്പ് വെറും പുറമോടിയാണെന്നും, ഇത്തരത്തില്‍ വിയോജിക്കുന്നവര്‍ മിക്കവരും രഹസ്യമായി കുറ്റാന്വേഷണ കൃതികള്‍ ആസ്വദിക്കുന്നവരാണെന്നും മായാ കിരണ്‍ അഭിപ്രായപ്പെട്ടു.

ഇത്തരം കൃതികള്‍ വായനക്കാരില്‍ ക്രൈം ചെയ്യാനുള്ള മനോഭാവമുണ്ടാക്കില്ലേ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് ഇത് ഒരു പുസ്തകമാണ്, കഥയാണ് എന്ന് മനസ്സിലാക്കാനുള്ള ബോധ്യം മനുഷ്യന് ഉണ്ടാകണമെന്ന് പറഞ്ഞ ഡോ. രജത്.ആര്‍ എഴുത്തുകാര്‍ ഇത്തരത്തില്‍ പ്രചോദനം കൊടുക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്താതെ സൂക്ഷിക്കണമെന്നുകൂടി കൂട്ടിച്ചേര്‍ത്തു. വായനക്കാരും എഴുത്തുകാരും നിറഞ്ഞ വേദിയിലാണ് ചര്‍ച്ച പുരോഗമിച്ചത്. മലയാളത്തില്‍ കുറ്റാന്വേഷണകൃതികളെ കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത ഇന്നത്തെ സാഹചര്യത്തില്‍ കുറ്റാന്വേഷണകൃതികള്‍ക്ക് ആശയദാരിദ്ര്യം സംഭവിച്ചോ എന്ന ചോദ്യത്തിന് കുറ്റാന്വേഷണകൃതികള്‍ പെരുകിയതുകൊണ്ട് രാഷ്ട്രങ്ങള്‍ നശിച്ചുപോയിട്ടില്ലെന്ന മറുപടിയാണ് ശിവന്‍ എടമന നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *