കൊച്ചി: നിക്ഷേപതട്ടിപ്പില്‍ അറസ്റ്റിലായ പ്രതി പ്രവീണ്‍ റാണ എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പറഞ്ഞു. ബിസിനസ് മാത്രമാണ് താന്‍ ചെയ്തത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പിടിയിലായതിന് പിന്നാലെ പ്രവീണ്‍ റാണ പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലിസിനെ റാണയിലേക്കെത്തിച്ചത്. കഴിഞ്ഞ ഏഴിന് കൊച്ചിയില്‍ നിന്ന് വെട്ടിച്ച് കടന്നതിന് പിന്നാലെ റാണയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.
കേസുകള്‍ മുറുകുന്നു എന്ന് വ്യക്തമായതോടെ റാണ ആദ്യം കടന്നത് കൊച്ചിയിലേക്കാണ്. ഇവിടെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ കഴിയവേ പോലിസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടോടി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിയിടത്തിലേക്ക് എത്തി. ഇവിടെ അതിഥി തൊഴിലാളിക്കൊപ്പം ഷെഡ്ഡിലായിരുന്നു താമസം. മറ്റാരും സംശയിക്കാതിരിക്കാന്‍ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറി.
അതിഥി തൊഴിലാളിയുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബന്ധുക്കളുടെ ഫോണുകളെല്ലാം നിരീക്ഷണത്തിലായിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലിസ് പൊള്ളാച്ചി ദേവരാപുരത്തെത്തി. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.