ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിന് കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. അതായത് ഒരു മാസം ഏകദേശം 18,300 ആളുകള്‍ എന്ന തോതിലാണ് പൗരത്വം ഉപേക്ഷിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ തന്നെ പുറത്തുവിട്ടാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് ഈ വിഷയം ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറാകണം എന്നും ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു. യു.പി.എ ഭരണകാലത്തെക്കാള്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 കണക്കിനേക്കാള്‍ രണ്ടിരട്ടിയോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. കൃത്യമായി പറഞ്ഞാല്‍ 1,83,741 പേര്‍ ഇന്ത്യന്‍ പൗരത്വം ഇക്കാലയളവില്‍ ഉപേക്ഷിച്ചു. പ്രതിദിനം പരിശോധിച്ചാല്‍ 604 പേര്‍ ഇന്ത്യ വിടുന്നതായി കണക്കാക്കാം എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടികാട്ടി.