മദ്രസ അധ്യാപകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം

മദ്രസ അധ്യാപകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മദ്രസ അധ്യാപകനായ യു.അഷ്‌റഫ് സഖാഫിയെ വെട്ടിപ്പരുക്കേൽപ്പിക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാത്തതിനാൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡിസംബർ 7ന് രാവിലെ വീടിനടുത്തുവെച്ചാണ് പ്രദേശ വാസിയായ യുവാവ് വെട്ടിപ്പിരക്കേൽപ്പിച്ചത്. പോലീസ് അസി.കമ്മീഷണറടക്കം സംഭവ സ്ഥലം സന്ദർശിക്കുകയും പ്രതിയെ പിടികൂടുമെന്ന് ഉറപ്പ് നൽകിയിട്ടും, പ്രതിയെ പിടികൂടാത്തതിനാൽ പ്രദേശവാസികളും നാട്ടുകാരും ആശങ്കയിലാണ്. ശരീരമാസകലം വെട്ടേറ്റ്, കൈവിരൽ നഷ്ടപ്പെടുകയും ചെയ്ത അഷ്‌റഫ് സഖാഫി വധഭീഷണി നിലനിൽക്കുന്നതിനാൽ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിച്ചിട്ടില്ല. മദ്രസ അധ്യാപനത്തിലൂടെ ലഭിച്ചിരുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിച്ചിരുന്ന കുടുംബം ഇന്ന് വലിയ പ്രയാസത്തിലാണ്. അക്രമം നടന്ന് പരാതിപ്പെട്ടതിന് ശേഷം രണ്ട്് ദിവസം കഴിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. ഇത് പ്രതിക്ക് രക്ഷപ്പെടാനും ഒളിച്ചോടാനും സഹായകരമായതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കുന്ദമംഗലം പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തുകയും സുന്നി സംഘടനകൾ പ്രദേശത്ത് പ്രതിഷേധ പ്രകടനവും, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പൊതുയോഗവും ധർണ്ണയും നടത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടുമെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ലോക്കൽ പോലീസ് അന്വേഷണം ഫലപ്രദമല്ലാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം. പ്രതിയെ പിടികൂടാൻ വൈകിയാൽ പ്രദേശവാസികളെ അണിനിരത്തി പതിമംഗലത്ത് ദേശീയ പാത ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നവർ മുന്നറിയിപ്പ് നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, കൺവീനർ മുസ്തഫ മണ്ണത്ത്, എ.നിഗിൽ(സിപിഐഎം), കെ.സി.രാജൻ(ബിജെപി), നൗഷാദ് തെക്കയിൽ(മനുഷ്യാവകാശ പ്രവർത്തകൻ) എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *