പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിവസം തിരക്ക് നിയന്ത്രിക്കാന്‍ തീരുമാനം. പ്രവേശനം ഉച്ചയ്ക്ക് 12 വരെ മാത്രമായി നിജപ്പെടുത്തി. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. തിരക്ക് നിയന്ത്രിക്കാന്‍ വന്‍ സന്നാഹമാണ് പോലിസ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കാലത്തിന് ശേഷമുള്ള മകരവിളക്ക് മഹോത്സവത്തിന് റെക്കോര്‍ഡ് തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കിയില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ റേഞ്ച് ഐ.ജിയും ഡി.ഐ.ജിയും പുല്ലുമേട്, പാഞ്ചാലിമേട് പരുന്തുംപാറ എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി. പോലിസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, റവന്യൂ സംയുക്ത സംഘം വിവിധ പോയിന്റുകളില്‍ പരിശോധന നടത്തി. ചിലയിടങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മകരജ്യോതി ദര്‍ശിക്കുന്നതിന് ഭക്തര്‍ ഇപ്പോള്‍ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് സുഖകരമായ ദര്‍ശനവും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് പോലിസ്. തീര്‍ത്ഥാടകര്‍ കൂടുതലായി നില്‍ക്കുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും. 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷമാണ് മകരജ്യോതി കാണാന്‍ പുല്ലുമേട്ടിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞത്. ദുരന്തത്തിനു മുന്‍പ് വരെ മകരവിളക്ക് കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് പല്ലുമേട്ടില്‍ തമ്പടിച്ചിരുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പല്ലുമേട്ടിലേക്ക് ഇത്തവണ ആളുകളെ കടത്തി വിടുന്നത്. അതിനാല്‍ പരമാവധി പതിനായിരം പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നത്.