കോഴിക്കോട്: ബാങ്കിങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഏതു സമയത്തും ഇത്തരത്തിലുളള സൈബര്‍ ആക്രമണം നമ്മളിലേക്കും കടന്നുവരാമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ പോലീസ് സെല്‍ ഓഫീസര്‍ ബീരജ്.കെ പറഞ്ഞു. ‘സഹകരണ മേഖലയും സൈബര്‍ കുറ്റകൃത്യങ്ങളും’എന്ന വിഷയത്തില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ സൗജന്യ പഠന ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ഉദ്ഘാടനം ചെയ്തു. സൈബര്‍ പോലിസ് സെല്‍ ഓഫീസറായ രഞ്ജിത്ത്.ഒയും ക്ലാസെടുത്തു. ബാങ്കിങ് മേഖലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മറവിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതെന്നും രഞ്ജിത്ത്.ഒ യും അഭിപ്രായപ്പെട്ടു.
സെബര്‍ ആക്രമണങ്ങള്‍ ഗുണഭോക്താക്കളുടെ വിശ്വാസ്യത തകര്‍ക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഒറ്റ ക്ലിക്കിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. നമ്മുടെ ഫോണിലേക്ക് വരുന്ന മിക്ക സന്ദേശങ്ങളും അതത് കമ്പനികളില്‍ നിന്നാണോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തെറ്റിധരിക്കപ്പെടുന്ന പലതരത്തിലുള്ള അഡ്രസ്സുകളില്‍ നിന്നും മെസ്സേജുകളോ ഇമെയിലുകളോ വരാം. എന്നാല്‍ അവ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ നാം ആ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആ ഒറ്റ ക്ലിക്കിലൂടെ നമ്മുടെ എല്ലാ വിവരങ്ങളും സൈബര്‍ ആക്രമികളുടെ കൈയ്യില്‍ എത്തുന്നു. സഹകരണ ബാങ്കുള്‍പ്പടെ പല ബാങ്കുകളിലും ഇത്തരത്തിലുളള തട്ടിപ്പുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.
മൊബൈല്‍, ക്യാമറ, തുടങ്ങിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്റെ പരിധിയില്‍പെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ഒരുപാട് സൈബര്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍, ഗെയിമിങ്, വഴി സൈബര്‍ വില്ലന്‍മാര്‍ ഏതു രൂപത്തിലും ഭാവത്തിലും എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാം. ബ്ലൂവെയില്‍ ചാലഞ്ച് പോലെ പുതിയ പുതിയ അപകട ഭീഷണികള്‍ സൈബര്‍ രംഗത്തുണ്ട്. കുട്ടികളെ ഇതു പലപ്പോഴും വേഗത്തില്‍ ചതിക്കുഴികളില്‍പ്പെടുത്തുന്നുണ്ട്. സൈബര്‍രംഗത്ത് പതിയിരിക്കുന്ന പലതരം അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും കാണിക്കണം. അത്തരത്തിലുളള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ബാങ്ക് ഡയരക്ടര്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍, സി.ഇ ചാക്കുണ്ണി, ബാങ്ക് ജനറല്‍ മാനേജന്‍ സാജു ജെയിംസ് എന്നിവര്‍ സംസാരിച്ചു.