‘സുരക്ഷാ സാക്ഷരത’ ബോധവല്‍ക്കരണം നടത്തും
നാദാപുരം: വ്യാപാരസ്ഥാപനങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ നാദാപുരത്ത് ചേര്‍ന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയില്‍ ഉണ്ടായ വന്‍തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് , പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, കെ.എസ്.ഇ.ബി എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നത്. മുഴുവന്‍ വ്യാപാര കെട്ടിടങ്ങളിലും ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഘട്ടംഘട്ടമായി സ്ഥാപിക്കുവാനും പഴയ കെട്ടിടങ്ങളില്‍ വൈദ്യുത ആഗിരണ വികിരണ സംവിധാനത്തില്‍ സുരക്ഷ സംവിധാനമായ ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ) ഉണ്ടോയെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുവാനും വ്യാപാരികളുടെ പങ്കാളിത്തത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (ഇ.ആര്‍.ടി )രൂപീകരിച്ച് പരിശീലനം നല്‍കുവാനും , വലിയ ഷോപ്പിംഗ് സമുച്ചയങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം പരിശോധന നടത്തുവാനും , പാഴ് വസ്തുക്കള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ ശേഖരിക്കുവാനും ഇന്‍ഷുറന്‍സ് വ്യാപാരികളെകൊണ്ട് എടുപ്പിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.
ബില്‍ഡിങ് ഉടമകളുടെ വിപുലമായമായ യോഗം 19നും നാദാപുരത്തെ വ്യാപാരികളുടെ യോഗം 18നും കല്ലാച്ചിയിലെ വ്യാപാരികളുടെ യോഗം 21നും വിളിച്ചുചേര്‍ത്ത് ‘സുരക്ഷാ സാക്ഷരത ‘എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. നാദാപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ.വി ഫായിസ് അലി , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് , ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി. ജാഫര്‍ സാദിഖ്, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ കെ.വി ശ്രീലാല്‍ എന്നിവര്‍ വിവിധ വകുപ്പുകളിലെ സുരക്ഷാ മാര്‍ഗങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ നാസര്‍ , വ്യാപാരി വ്യവസായി പ്രതിനിധികളായ തേരത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ഏരത്ത് ഇഖ്ബാല്‍, ബില്‍ഡിംഗ് ഉടമകളുടെ പ്രതിനിധി കരയത്ത് ഹമീദ് ഹാജി , വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ജാഫര്‍ ഏരത്ത് , മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.