കുഴല്‍മന്ദം അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വീഴ്ച; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കുഴല്‍മന്ദം അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വീഴ്ച; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. പീച്ചി സ്വദേശി സി.എല്‍ ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2022 ഫെബ്രുരി ഏഴിനായിരുന്നു അപകടം. കൃത്യവിലോപം കെ.എസ്.ആര്‍.ടി.സിക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി.
പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിടിച്ചാണ് ബൈക്ക് യാത്രക്കാര്‍ മരിച്ചത്. റോഡിന്റെ ഇടതുവശത്ത് ബസിന് പോകാന്‍ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാക്കള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് ഔസേപ്പ് സസ്‌പെന്‍ഷനിലായിരുന്നു. ഡ്രൈവര്‍ ഔസേപ്പ് മനപൂര്‍വം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി വിശദമായ അന്വേഷണം നടത്തി. അപകടത്തിന്റെ ദൃശ്യങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമാണ്.

ഡ്രൈവര്‍ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ രണ്ടു യുവാക്കളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണ്ടെത്തല്‍. കൃത്യവിലോപം കെ.എസ്.ആര്‍.ടി.സിക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഇതിനു മുമ്പും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതായി രേഖയിലുണ്ട്. പൊതുനന്മയും കെ.എസ്.ആര്‍.ടി.സിയുടെ താത്പര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *