ആര്യങ്കാവില്‍ 15,300 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ പിടികൂടി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

ആര്യങ്കാവില്‍ 15,300 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ പിടികൂടി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും മായം കലര്‍ന്ന പാല്‍ പിടികൂടി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കര്‍ശന നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജില്ലകളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായിരുന്നു മായം കലര്‍ന്ന പാല്‍ പിടികൂടിയത്. തമിഴ്‌നാട് തെങ്കാശി വി.കെ പുതൂര്‍ വടിയൂര്‍ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം എന്ന കമ്പനി അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പാല്‍ കേടുകൂടാതെ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത പാലാണ് പിടികൂടിയത്. പിടിച്ചെടുത്ത പാല്‍ സാമ്പിള്‍ ശേഖരിച്ചതിന്റെ ബാക്കി പൂര്‍ണമായും നശിപ്പിച്ചു കളയുവാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കി. പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും പാലിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പാല്‍ തുടര്‍ന്നുള്ള നിയമനടപടി സ്വീകരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. ക്ഷീര വികസന വകുപ്പിന്റെ പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിര്‍ത്തി കടന്നുവരുന്ന പാല്‍ മേല്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം ആണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. കൂടാതെ എല്ലാ ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ വിഭാഗം വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന പാല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *