ആദ്യ ഏകദിനത്തില്‍ ലങ്കയെ 67 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോലിക്ക് 45ാം ഏകദിന സെഞ്ചുറി
ഗുവാഹാട്ടി: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 67 റണ്‍സ് വിജയം. ഒരിടവേളക്ക് ശേഷം സീനിയര്‍ താരങ്ങള്‍ കളമറിഞ്ഞാടിയപ്പോള്‍ ലങ്കക്ക് മറുപടിയുണ്ടായില്ല. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവിനാണ് ഗുവാഹട്ടി സാക്ഷ്യം വഹിച്ചത്. അതിനോടൊപ്പം സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ഇന്ത്യന്‍ വിജയത്തിന്റെ മാറ്റുകൂട്ടി. മറുഭാഗത്ത് ശ്രീലങ്കയുടെ വാലറ്റം പൊരുതി നോക്കിയെങ്കിലും വിജയത്തിനടുത്ത് എത്താന്‍ സാധിച്ചില്ല. ഇന്ത്യ ഉയര്‍ത്തിയ 373 റണ്‍സിന് മറുപടിയായി നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. ശ്രീലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ഡാസണ്‍ ശനക പുറത്താകാതെ 108 റണ്‍സ് നേടി പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒരിടവേളക്ക് ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തിക്കയറിയ രോഹിത്ശര്‍മയ്‌ക്കൊപ്പം യുവനിരയിലെ ശ്രദ്ധേയനായ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 15 ഓവറില്‍ തന്നെ നൂറ് കടന്നു. 67 പന്തില്‍ 83 റണ്‍സെടുത്ത് രോഹിത് ശര്‍മയും 60 പന്തില്‍ 70 റണ്‍സ്ുമായി ശുഭ്മാന്‍ ഗില്ലും പുറത്താകുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍ എത്തിയിരുന്നു. തുടര്‍ന്നങ്ങോട് കോലിയുടെ ആറാട്ടയിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ ആക്രമണോത്സുക കളി പുറത്തെടുത്ത കോലി തന്റെ 45ാം ഏകദിന സെഞ്ചുറി നേടി.
87 പന്തില്‍ 113 റണ്‍സുമായാണ് കോലി മടങ്ങിയത്. 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്ങ്‌സ്. കരിയറിലെ 73ാം സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിയോട് കൂടി നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കായി. നിലവില്‍ 20 തവണയാണ് ഇരുവരും ഇന്ത്യയില്‍ വച്ച് നടന്ന മത്സരങ്ങളില്‍ സെഞ്ചുറി നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടിയ ഇന്ത്യക്ക് ശ്രീലങ്കയെ പൂട്ടുകയെന്നത് വലിയ പ്രയാസമുള്ള കാര്യമല്ലായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ലങ്കയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ആവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാല്‍ മെന്‍ഡിസ് (0), ചരിത് അസലങ്ക (23), ധനഞ്ജയ ഡി സില്‍വ (47) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീണത് ടീമിനെ പ്രതിരോധത്തിലാക്കി. നായകന്‍ ഡാസണ്‍ ശനകക്ക് പുറമേ ഓപണിങ് ബാറ്റ്‌സ്മാന്‍ പത്തും നിസ്സംഗ (72) ലങ്കക്കായി പൊരുതി. 9ല്‍ നില്‍ക്കെ ഷനകയെ ഷമി മങ്കാദ് ചെയ്‌തെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ അപ്പീല്‍ ചെയ്യാഞ്ഞത് ക്രിക്കറ്റിലെ ജെന്റില്‍മാന്‍ കളിയെ അടിവരയിടുന്ന സംഭവമായി മാറി. ലങ്കക്കായി കാസുന്‍ രജിത മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യക്കായി ഉമ്രാന്‍ മാലിക്ക് മൂന്നും ഷമി രണ്ടും വിക്കറ്റുകള്‍ നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.