അഞ്ചാം പനി; പ്രതിരോധ കവചം തീര്‍ത്ത് നാദാപുരം ഗ്രാമപഞ്ചായത്ത്

അഞ്ചാം പനി; പ്രതിരോധ കവചം തീര്‍ത്ത് നാദാപുരം ഗ്രാമപഞ്ചായത്ത്

നാദാപുരം: കഴിഞ്ഞദിവസം കുട്ടികളില്‍ അഞ്ചാം പനി (മീസില്‍സ് ) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാതല ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ നാദാപുരം പഞ്ചായത്തില്‍ പ്രത്യേക അടിയന്തര യോഗം ചേര്‍ന്നു. 6 ,7 ,19 വാര്‍ഡുകളിലായി ആകെ എട്ട് കുട്ടികള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ചാം പനിക്ക് എതിരേ വാക്‌സിന്‍ എടുക്കാത്ത കുട്ടികളിലാണ് രോഗം വന്നത്. നാദാപുരം ഗ്രാമപഞ്ചായത്തില്‍ 340 കുട്ടികള്‍ നാളിതുവരെ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടില്ല. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴാം വാര്‍ഡില്‍ 31 കുട്ടികള്‍ യാതൊരുവിധ വാക്‌സിനും നാളിത് വരെ എടുത്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി വാക്‌സിന്‍ എടുക്കാത്ത മുഴുവന്‍ കുട്ടികളുടെ വീടുകളിലും ഡോര്‍ ടു ഡോര്‍ വാക്‌സിന്‍ എത്തിക്കുന്നതാണ്. ഇതിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു .കൂടാതെ വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. രോഗത്തിന്റെ ഗൗരവം വിശദീകരിച്ചുകൊണ്ട് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതാണ്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ള ഡോക്ടര്‍മാരെ ഉപയോഗിച്ച് ബോധവല്‍ക്കരണ വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതാണ്. ഇനിയും രോഗികള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതാണ്. പനി, ദേഹത്ത് പാടുകള്‍ എന്നിവ ഉള്ള കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണിക്കേണ്ടതാണ്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോക്ടര്‍ മോഹന്‍ദാസ് , എം.സി.എച്ച് ഓഫിസര്‍ എം.പി പുഷ്പ , മാസ് മീഡിയ ഓഫിസര്‍ കെ.മുഹമ്മദ് മുസ്തഫ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ ഹമീദ് , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ കെ.ജമീല , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍ കല്ലേരി, കെ.സതീഷ് ബാബു , മെമ്പര്‍മാരായ അബ്ബാസ് കണേക്കല്‍, സി.ടി.കെ സമീറ , സുമയ്യ പാട്ടത്തില്‍ ,നിഷാ മനോജ് ,റീന കിണംപ്രേമ്മല്‍, വി.പി കുഞ്ഞിരാമന്‍, ആയിഷ ഗഫൂര്‍ , വി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *