തിരുവനന്തപുരം: വിവാദമായ വൈദേഹം റിസോര്‍ട്ടില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് 100 കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം ഇതില്‍ നിക്ഷേപകരാണ്. ഇതൊന്നും പാര്‍ട്ടിയില്‍ പറഞ്ഞു തീര്‍ക്കണ്ട ആരോപണമല്ല. പാര്‍ട്ടി തന്നെ വിജിലന്‍സും പോലിസുമായി മാറുന്ന അവസ്ഥയാണുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് പിണറായി വിജയന്‍. നരേന്ദ്രമോദി കേന്ദ്രത്തില്‍ ചെയ്യുന്നത് പിണറായി വിജയന്‍ ഇവിടെ ചെയ്യുന്നു. കെ.എം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാന്‍ വിജിലന്‍സ് മൂന്ന് തവണയാണ് പോയത്. സജി ചെറിയാന്‍ രാജിവച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ബംഗാളിലെ സി.പി.എമ്മിനുണ്ടായ അതേ ഗതി കേരളത്തിലുമുണ്ടാകും. ഇ.പി ജയരാജന് ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ല, സി.പി.എം-ബി.ജെ.പി ധാരണയുള്ളത് കൊണ്ടാണ് ഇ.പിയെ കേന്ദ്ര ഏജന്‍സികള്‍ തൊടാത്തതെന്നും സതീശന്‍ പറഞ്ഞു.