രാജ്യത്ത് പുറംതള്ളല്‍ ദേശീയത വളരുന്നു: ഹമീദ് ചേന്ദമംഗല്ലൂര്‍

രാജ്യത്ത് പുറംതള്ളല്‍ ദേശീയത വളരുന്നു: ഹമീദ് ചേന്ദമംഗല്ലൂര്‍

കോഴിക്കോട്: സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സ്വപ്‌നം രാജ്യത്ത് ആരോഗ്യകരമായ പാര്‍ലമെന്ററി ജനാധിപത്യം വളരണമെന്നും ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള ദേശീയതയും സെക്കുലര്‍ ഡെമോക്രസിയും സെക്കുലര്‍ ഭാരതവും ശക്തിപ്പെടണമെന്നതുമായിരുന്നുവെന്ന് പ്രമുഖ ചിന്തകന്‍ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ വര്‍ഗീയതയും വംശീയതയുമായി മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ സന്ധി ചെയ്യുമെന്ന പ്രശസ്ത ചരിത്രകാരന്‍ ഡോ.ബിബന്‍ ചന്ദ്രയുടെ നിരീക്ഷണം പ്രസക്തമാണ്. അതാണ് ഇന്ത്യയില്‍ സംഭവിച്ചത്‌. കഴിഞ്ഞ 75 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്നത് ആരോഗ്യകരമായ പാര്‍ലമെന്ററി ജനാധിപത്യമല്ല. രാജീവ്ഗാന്ധി ഭരിക്കുന്ന കാലത്ത് 1986 ഫെബ്രുവരിയിലാണ് ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ തുറന്നു കൊടുത്തത്. ഇതേ കാലത്താണ് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതി ജീവനാംശത്തിന് മുസ്ലീം സ്ത്രീക്ക് അര്‍ഹതയുണ്ടെന്ന് വിധിച്ചത്. ലിംഗ-സമത്വാധിഷ്ഠിതമായ കോടതിവിധിയെ മറികടക്കാനാണ് മുസ്ലിം വനിതാ സംരക്ഷണ നിയമം രാജീവ്ഗാന്ധി കൊണ്ടുവന്നത്. ഹിന്ദു-മുസ്ലീം പ്രീണനമാണ് ഇതിലൂടെ നടത്തിയത്.

ഭരണഘടനയില്‍ പറയുന്ന പൊതു സിവില്‍കോഡ് നടപ്പാക്കാന്‍ ഇന്നുവരെ ആരും തയ്യാറായിട്ടില്ല. പൊതു സിവില്‍കോഡ് ബി.ജെ.പിയുടെ അജണ്ടയാണെന്ന് പറയുന്നത്‌
ശരിയല്ല. 1950ല്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബി.ജെ.പിയോ അതിന്റെ മുന്‍രൂപമായിരുന്ന ജനസംഘമോ രൂപീകരിച്ചിരുന്നില്ല. വോട്ട്ബാങ്കുകളെ പ്രീണിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെടുത്ത നടപടികളാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഇന്ത്യന്‍ ദേശീയത ഹിന്ദു ദേശീയതയാണെന്ന് പ്രചരിപ്പിക്കുകയും പുറംതള്ളല്‍ ദേശീയത വളര്‍ത്തി കൊണ്ടുവന്നത് 2014 മുതല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണ്. വംശീയ ജനാധിപത്യം എന്നാല്‍ ഒരു പ്രത്യേക മതവിഭാഗത്തിനോ വംശത്തിനോ അധികാരമുള്ള ജനാധിപത്യമാണെന്നര്‍ഥം. ഇസ്രായേലിലും തുര്‍ക്കിയിലും ഇതാണുള്ളത്. ഇത് യഥാര്‍ഥ ജനാധിപത്യമല്ല.

ഇന്ത്യയെ ഹിന്ദുഇന്ത്യയാക്കിമാറ്റാനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലീംകളല്ലാത്ത പീഡിത വിഭാഗത്തിന് മാത്രമാണ് പൗരത്വം നല്‍കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ മുസ്ലീംകള്‍ക്കിടയില്‍ പീഡിപ്പിക്കപ്പെടുന്ന ഷിയ, സുന്നി വിഭാഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുമെന്ന കോര്‍പ്പറേഷന്റെ തീരുമാനം പോലും നടപ്പാക്കപ്പെടുന്നില്ല. സംഘടിത ശക്തികള്‍ പലപ്പോഴും പൗരാവകാശങ്ങളെ ലംഘിക്കുകയാണ് ചെയ്യുന്നത്. സംഘടിതത്വം ജനാധിപത്യത്തിനെതിരായി തീരുന്ന അവസ്ഥ ഉണ്ടാവുകയും സംഘടിത ശക്തികള്‍ക്ക് മുമ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തലകുനിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ സമരസേനാനി പി.വാസുവിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 100ാം പിറന്നാളാഘോഷ പരിപാടി മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു.
എം.കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ഡോ.എം.പി മത്തായി വിഷയമവതരിപ്പിച്ചു. ഡോ. ആര്‍സു, വിജയരാഘവന്‍ ചേലിയ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പി. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *