ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ 2024ലും സാധ്യതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. പ്രാദേശിക കക്ഷികളില്‍ ചിലര്‍ കോണ്‍ഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. അത്തരം സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം പ്രതിപക്ഷത്തിന് ഒരു പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സാധ്യമായേക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. കൂടാതെ രാജ്യത്തെ ബി.ജെ.പി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക പ്രയാസമുള്ളതിനാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. അതിനു കഴിയാതെ പോകുന്നത് പോരായ്മയാണെന്നും യെച്ചൂരി പറഞ്ഞു.
ഛിന്നഭിന്നമായ ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്. പ്രതിപക്ഷ സഖ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സര്‍ക്കാരുകളെ താഴെയിറക്കിയത് കോണ്‍ഗ്രസ്സാണ്. എന്നാല്‍, ആ സാഹചര്യം ഇപ്പോഴില്ല.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാന്‍ കഴിയുന്നത്ര സീറ്റുകള്‍ നേടാന്‍ ആഗ്രഹിക്കുകയാണ്. ലോക്‌സഭയിലെ രണ്ടക്ക സംഖ്യകള്‍ കോണ്‍ഗ്രസ് മറിക്കടന്നാല്‍ തന്നെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തില്‍ ബി.ജെ.പി ഇതര സഖ്യത്തെ നയിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ എന്നതാണ് പ്രധാനം. കോണ്‍ഗ്രസ്സിന് സീറ്റ് വര്‍ധിപ്പിക്കുക മാത്രമാണ് പോം വഴിയെന്നും യെച്ചൂരി പറഞ്ഞു.