- നിരവധി പേര്‍ക്ക് പരുക്ക്
ലിമ: പെറുവില്‍ മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ 12 മരണം. കഴിഞ്ഞ ദിവസം പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. ഡിസംബറില്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജുലിയാക്കയിലാണ് പ്രക്ഷോഭം ഉണ്ടായത്. സംഭവത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റു.
കലാപക്കുറ്റമാണ് കാസ്റ്റിനോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് കാസ്റ്റിനോ നിഷേധിച്ചിട്ടുണ്ട്. വിചാരണയ്ക്ക് മുന്‍പായുള്ള പതിനെട്ട് മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്റ്റിനോയുള്ളത്.
ക്രിസ്തുമസ് പുതുവത്സര സമയത്ത് പ്രതിഷേധത്തിന് ഇടവേള വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രതിഷേധം വീണ്ടും ആരംഭിച്ചത്. പുതിയ പ്രസിഡന്റ് ഡയാന ബോലുവാര്‍ട്ടേയുടെ രാജി ആവശ്യപ്പെട്ടാണ് നിലവിലെ പ്രതിഷേധം. കോണ്‍ഗ്രസ് പിരിച്ചുവിട്ട് ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തില്‍ പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും അനുവദിക്കാന്‍ പറ്റില്ലെന്ന് ഡയാന ബോലുവാര്‍ട്ടേ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്.