മാഹി: വടക്കേ മലബാറിലെ നൂറ്റാണ്ടുകള്‍ പഴക്കം ചെന്നതും മക്കാനിവാസിയ മാലിക്ദീനാര്‍ സ്ഥാപിച്ചതുമായ പുണ്യ പുരാതനമായ പെരിങ്ങാടി ജുമാമസ്ജിദ് നവീകരിച്ച് പുതുക്കി പണിതത് 2023 ജനുവരി 8 ഞായറാഴ്ച അസര്‍ നമസ്‌കാരത്തോട് കൂടി സയ്യിദ് അലി ബാഫഖി തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് ഔപചാരികമായി വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു.
പെരിങ്ങാടി മഹല്‍ ഖാസി പി.പി അബ്ദുല്‍ ശുക്കൂര്‍ ഉസ്താദ്, പേരോട് അബ്ദുറഹിമാന്‍ സഖാഫി, മുന്‍ ഡി.ജി.പി അഡ്വ. ടി. ആസ ഫലി എന്നിവരുടേയും മഹല്‍ നിവാസികളുടെയും നാട്ടുകാരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. സയ്യിദ് മുനവ്വറലി ശിഹാബ് അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദിന്റെ മുന്‍വശം പ്രത്യേകം സജ്ജമാക്കിയ ‘മര്‍ഹൂം എ.വി മമ്മു ഖാസിയാര്‍ നഗറില്‍’ നടന്ന ‘സര്‍വ്വ മത സ്‌നേഹ സമ്മേളനത്തിന് ‘ മുന്‍ ഡി.ജി.പി. അഡ്വ. ടി. ആസഫലി അധ്യക്ഷം വഹിച്ചു.
പ്രമുഖ മതപണ്ഡിതന്മാരായ ഫാ. ഡോ. ഫിലിപ്പ് കാവിയില്‍ (സന്ദേശ് ഭവന്‍, തലശ്ശേരി), ശ്രീ പ്രേമാനന്ദ സ്വാമി (ശിവഗിരി മഠം), ജനാബ് ശുഹൈബ് അല്‍ ഹൈത്തമി (നന്തി ദാറുസലാം അറബി കോളേജ്) എന്നിവരും പഞ്ചായത്ത് മെംബര്‍ ടി. എച്ച് അസ്‌ലമും സംസാരിച്ചു. വിശിഷ്ട അതിഥികളെ പെരിങ്ങാടി മഹല്‍ ഖാസി പി.പി അബ്ദുല്‍ ശുക്കൂര്‍ ഉസ്താദ് ഷാള്‍ അണിയിച്ചു.