‘പാട്ടുകൂട്ടം’ഏഴാമത് കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

‘പാട്ടുകൂട്ടം’ഏഴാമത് കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിവരുന്ന ഏഴാമത് ‘മണിമുഴക്കം ‘കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാടന്‍കലാമേഖലയിലും സാംസ്‌കാരികരംഗത്തും പ്രാഗല്‍ഭ്യം തെളിയിച്ച എട്ടു പേര്‍ക്കാണ് ഇത്തവണ മണിമുഴക്കം പുരസ്‌കാരം. റംഷി പട്ടുവം -കണ്ണൂര്‍ (നാടന്‍പാട്ട്, മാപ്പിളപ്പാട്ട് ), ഷിംജിത് ബങ്കളം – കാസര്‍കോട് (ഗോത്രസംഗീതം, ഗോത്രനൃത്തം, വാദ്യം ), ശരത്ത് അത്താഴക്കുന്ന് – കണ്ണൂര്‍ (നാടന്‍പാട്ട്, നാട്ടുവാദ്യം ), ലതാ നാരായണന്‍ -കോഴിക്കോട് (നാടന്‍പാട്ട് ), പ്രസാദ് കരിന്തലക്കൂട്ടം -തൃശൂര്‍ ( കുരുത്തോലചമയം, നാടന്‍പാട്ട് ), രമേഷ് ഉണര്‍വ് – വയനാട് (നാടന്‍പാട്ട്, നാട്ടുവാദ്യം ), പ്രശാന്ത് മങ്ങാട്ട് – മലപ്പുറം (നാടന്‍പാട്ട്, ഗാനസാഹിത്യം ), കെ.ടി രവി കീഴരിയൂര്‍ – കോഴിക്കോട് (നാട്ടുകോല്‍ക്കളി, മുളം ചെണ്ട )എന്നിവരാണ് 2023ലെ കലാഭവന്‍ മണി പുരസ്‌കാരജേതാക്കള്‍. വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഡോ. ഷീല നൂണ്‍, നാടകമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചു എം.എ നാസര്‍ എന്നിവരെ ആദരിക്കും. വിവിധമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഷിബു മുത്താട്ട്, റഹീന കൊളത്തറ, വിജു വി.രാഘവ്, സന്തോഷ് പാലക്കട, പ്രജീഷ് കൊയിലാണ്ടി, ധനേഷ് കാരയാട്, റോസമ്മ തോമസ്, ബിജു പാത്തിപ്പാറ എന്നിവരെ അനുമോദിക്കും.

സംഗീതസംവിധായകനും കലാസംഘാടകനുമായ വിത്സണ്‍ സാമുവല്‍ ചെയര്‍മാനും പ്രശസ്ത ഗാനരചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കാനേഷ് പൂനൂര്‍ കണ്‍വീനറുമായ അഞ്ചംഗ സമിതിയാണ് പുരസ്‌കാര-ആദരവ് ജേതാക്കളെ തിരഞ്ഞെടുത്തത്.മാര്‍ച്ച് ആറിന് മാനാഞ്ചിറ മൈതാനം ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന മണിമുഴക്കം പരിപാടിയില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. മണിമുഴക്കത്തിന്റെ മുഖ്യആകര്‍ഷണങ്ങളായി മാര്‍ച്ച് ഒന്ന് മുതല്‍ ആറു വരെ നാടന്‍പാട്ട് ഉത്സവം, ജീവ സഹായവിതരണം, മണ്ണടുപ്പം മണ്ണറിവ് ശില്‍പശാല, സാഹിത്യ-വിദ്യാഭ്യാസ സദസുകള്‍, പാട്ടുവണ്ടി യാത്ര എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മണിമുഴക്കം ജൂറി ചെയര്‍മാന്‍ വിത്സണ്‍ സാമുവല്‍, ജൂറി കണ്‍വീനര്‍ കാനേഷ് പൂനൂര്‍, പാട്ടുകൂട്ടം ഡയരക്ടര്‍ ഗിരീഷ് ആമ്പ്ര, മണിമുഴക്കം പ്രോഗ്രാം ജോ.കണ്‍വീനര്‍ ടി.എം സത്യജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *