നാദാപുരം: കക്കംവള്ളിയില്‍ ചെരുപ്പ് കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ട്ടം സംഭവിച്ചു. കക്കംവള്ളിയിലെ ജാക്ക് കോസ്റ്റ എന്ന ചെരുപ്പ് കടയാണ് ഇന്ന് (ചൊവ്വ) വൈകുന്നേരം ഉണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ചെരുപ്പ് കടയുടെ വരാന്തയില്‍ നിന്ന് തീപിടിത്തം ഉണ്ടായി മുകള്‍ നിലയിലെ ഗോഡൗണ്‍ കടയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ ചെരിപ്പുകളും കത്തി നശിച്ചു. സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് തീ മറ്റു കടകളിലേക്ക് പടരാതിരുന്നത്. ഇല്ലത്ത് ഹമീദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അജ്മല്‍ ഓതയോത്താണ് കച്ചവടം ചെയ്യുന്നത്, ആളാപായമില്ല. രക്ഷാപ്രവര്‍ത്തനത്തിന് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, നാദാപുരം പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ജാഫര്‍ സിദ്ദീഖ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദന്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ എം.പ്രവീണ്‍കുമാര്‍, എം.ജയേഷ്, സജീഷ്, ഫയര്‍മാന്‍മാരായ എ.സതീഷ്, കെ.എം സിജു, ലിനീഷ്, ലികേഷ്, വ്യാപാരി വ്യവസായി നേതാക്കളായ ഏരത്ത് ഇക്ബാല്‍, അബ്ബാസ് കണയ്ക്കല്‍, ഹാരിസ് മാത്തോട്ടം, ജാഫര്‍ വയങ്ങോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
കക്കംവള്ളിയില്‍ ഉണ്ടായ തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം അപായങ്ങളൊഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ നാളെ (11-01-2023ന്) രാവിലെ 10 മണിക്ക് പോലീസ് , ഫയര്‍ റസ്‌ക്യൂ, ആരോഗ്യവകുപ്പ് , വ്യാപാരി വ്യവസായി പ്രതിനിധികള്‍, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി മുഹമ്മദലി അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ തീപിടിത്തത്തിന് കാരണമാകുന്ന ഘടകങ്ങള്‍ കടകളില്‍ പരിശോധിച്ചു കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അറിയിച്ചു.