തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് സ്വയം അല്ലെന്ന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിലാണ് വി.ഡി സതീശന്റെ പ്രതികരണം. കെ.മുരളീധരന്‍ എം.പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തരൂരിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നിയമസഭ മോഹം തരൂര്‍ പരസ്യമാക്കിയത്. എല്ലാവരും മത്സരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു തരൂര്‍ പറഞ്ഞത്. എന്നാല്‍ തരൂരിന്റെ ആ നീക്കങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.എവിടെ ആര് മത്സരിക്കണമെന്ന കാര്യം ഏകപക്ഷീയമായി തീരുമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു വി.ഡി സതീശന്‍ പ്രതികരിച്ചത്.
‘ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നൊക്കെ ഏകപക്ഷീയമായി തീരുമാനിക്കാന്‍ ആകില്ല. അതൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സംഘടനപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ. ഓരോരുത്തര്‍ക്കും വേണ്ട , വേണം എന്നൊക്കെ പറയുന്നത് ശരിയായ രീതിയല്ല.അവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലാണ് ഉന്നയിക്കേണ്ടത്. അത് അവിടെ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ തീരുമാനത്തിന് വിധേയരായി പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്’, വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം തരൂരിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. ‘മൂന്നരക്കൊല്ലത്തിന് ശേഷമുള്ള കാര്യമല്ലേ. നമ്മള്‍ വളരെ അഡ്വാന്‍സ് ആയിട്ട് ഒരു അഭിപ്രായം പറയാനാകില്ലല്ലോ. മുന്നോട്ടുള്ള സാഹചര്യം എന്തായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ. ആദ്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മുന്നണി ജയിക്കാനുള്ള നടപടിയിലേക്ക് പോകണം. അടുത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മുന്നണി ജയിക്കാന്‍ എല്ലാവരും കൂടെ ഒരുമിച്ച് ശ്രമിക്കണം.ആ ശ്രമത്തിന് ഇടങ്കോലിടുന്ന വിധത്തില്‍ പേരുകള്‍ പറഞ്ഞ് വെറുതെ പ്രശ്‌നമുണ്ടാക്കരുത്’, തിരുവഞ്ചൂര്‍ പറഞ്ഞു.