കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടവുമായി മര്‍കസ് വിദ്യാര്‍ഥികള്‍. മത്സരിച്ച ഒമ്പത് ഇനങ്ങളില്‍ എ ഗ്രേഡ് നേടിയാണ് വിവിധ മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. കാശ്മീരി ഹോമില്‍ താമസിച്ചു പഠിക്കുന്ന അഞ്ച് കാശ്മീരി സ്വദേശികളും മര്‍കസ് ഗ്രീന്‍വാലി അനാഥാലയത്തില്‍ പഠിക്കുന്ന കര്‍ണാടക സ്വദേശിനിയും കേരളത്തിലെ കലോത്സവത്തിന്റെ പ്രൗഢിയും പെരുമയും അനുഭവിച്ചറിഞ്ഞ് എ ഗ്രേഡ് നേടിയെന്നത് ഈ വിജയങ്ങളുടെ മാറ്റുകൂട്ടുന്നു.
ഹൈസ്‌കൂള്‍ വിഭാഗം ഉറുദു പ്രസംഗത്തില്‍ മുഹമ്മദ് റൈഹാന്‍, ഉറുദു കവിതാ രചനയില്‍ ബിലാല്‍ അഹ്‌മദ്, ഉറുദു കഥാ രചനയില്‍ ഫൈസാന്‍ റസ, ഹയര്‍സെക്കണ്ടറി വിഭാഗം ഉറുദു പ്രസംഗത്തില്‍ നാസര്‍ മഹ്‌മൂദ്, ഉറുദു കവിതാ രചനയില്‍ മഹ്‌മൂദ് അഹ്‌മദ് എന്നിവരാണ് മര്‍കസ് ബോയ്‌സ് എച്ച്.എസ്.എസ് സ്‌കൂളിനെയും കോഴിക്കോട് ജില്ലയേയും പ്രതിനിധീകരിച്ച് ഗ്രേഡ് നേടിയ കാശ്മീര്‍ സ്വദേശികള്‍. കാശ്മീരി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച മര്‍കസ് എമിറേറ്റ്‌സ് ഹോം ഫോര്‍ കാശ്മീരി സ്റ്റുഡന്റ്‌സില്‍ താമസിച്ചു പഠിക്കുന്നവരാണിവര്‍. സ്‌കൂള്‍ കലോത്സവത്തില്‍ എല്ലാ വര്‍ഷവും ഉന്നതവിജയം ഈ കാശ്മീരി വിദ്യാര്‍ഥികളെ തേടിയെത്താറുണ്ട്.
പിതാവിന്റെ ആകസ്മിക വേര്‍പ്പാടിനെ തുടര്‍ന്ന് കേരളത്തിലെത്തിയ ആദ്യവര്‍ഷം തന്നെ കലോത്സവത്തില്‍ പങ്കെടുത്ത് നേട്ടം കൊയ്താണ് കര്‍ണാടക മംഗലാപുരം കുക്കാജെ സ്വദേശിനിയും മര്‍കസ് ഫാത്വിമാബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഫാത്വിമത്ത് നസീറ സ്‌കൂളിന്റെ അഭിമാനമായത്. ഹൈസ്‌കൂള്‍ വിഭാഗം കന്നഡ കവിതാ രചനയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ നസീറ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മര്‍കസ് സ്ഥാപിച്ച മരഞ്ചാട്ടി ഗ്രീന്‍വാലിയില്‍ താമസിച്ചാണ് സ്‌കൂള്‍ പഠനം തുടരുന്നത്.
ഒരേ ടീമുമായെത്തി ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ടിലും അറബനമുട്ടിലും എ ഗ്രേഡോടെ കലോത്സവ നഗരിയില്‍ നിന്നും മടങ്ങിയാണ് എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് മിദ്ലാജും സംഘവും കന്നിയങ്കം കളറാക്കിയത്. മുഹമ്മദ് നാഫില്‍ ടി .ടി, മുഹമ്മദ് ഫിന്‍ശാര്‍.ടി, മുഹമ്മദ് ബിലാല്‍, മുഹമ്മദ് ഇസ്മാഈല്‍.എ, മുഹമ്മദ് റിന്‍ശാദ് പി.എ, മുഹമ്മദ് സിഹാന്‍, മഹ്ബൂബ് അലി സിറാജുദ്ദീന്‍.ടി, മുഹമ്മദ് സിനാന്‍, മുഹമ്മദ് സ്വഫ്വാന്‍ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ഒരു കലോത്സവത്തില്‍ രണ്ട് എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാര്‍.
ഹൈസ്‌കൂള്‍ അറബിക് കഥാ രചനയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ആയിശ നജ മര്‍കസ് ഗേള്‍സ് എച്ച്.എസ്. എസിന്റെ അഭിമാനമുയര്‍ത്തി. സംസഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെയും നേട്ടം കൊയ്തവരെയും മര്‍കസ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസിയും അഭിനന്ദിച്ചു.