മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം മേഖലതല സ്‌കൂള്‍ കലോത്സവം സമാപിച്ചു. 34 വിദ്യാലയങ്ങളില്‍ നിന്നായി 1800 കലാപ്രതിഭകള്‍ 76 ഇനങ്ങളില്‍ ഏഴ് വേദികളിലായി മാറ്റുരച്ചു. പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ നടന്ന സമാപന ചടങ്ങ് സംഘാടക സമിതി ചെയര്‍മാന്‍ സത്യന്‍ കേളോത്തിന്റെ അധ്യക്ഷതയില്‍ മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ വേദിയും സദസും ദിപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ചലച്ചിത്ര താരം ശിവദാസ് മട്ടന്നൂര്‍ വിശിഷ്ടാതിഥിയായിരുന്നു. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, എം.എ കൃഷ്ണന്‍, കെ.വി ഹരീന്ദ്രന്‍, കെ.കെ രാജീവ്, ചാലക്കര പുരുഷു, ഗായകന്‍ എം. മുസ്തഫ സംസാരിച്ചു. ആദരിക്കല്‍ ചടങ്ങും, എഴുന്നൂറോളം പേര്‍ക്ക് സമ്മാനദാനവും നടത്തി. ആനന്ദ് പറമ്പത്ത് സ്വാഗതവും, അലി അക്ബര്‍ ഹാഷിം നന്ദിയും പറഞ്ഞു.