തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വീണ്ടും കൂട്ടാന്‍ ശുപാര്‍ശ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ധന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ശമ്പളവര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് ശുപാര്‍ശ മുന്നോട്ടുവച്ചത്. ദൈനം ദിന ചിലുകള്‍ വര്‍ധിച്ചുവരികയാണെന്നും ഈ സാഹചര്യത്തില്‍ ആനുകൂല്യങ്ങളു അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും സാമാജികരുടെ ഭാഗത്ത് നിന്നും നിര്‍ദേശമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ കമ്മീഷനാക്കി നിയോഗിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉത്തരവിറങ്ങുന്നത്. കമ്മീഷനെ നിയോഗിച്ചപ്പോള്‍ ആറുമാസമായിരുന്നു കാലാവധി. ഇത് പിന്നീട് ഉത്തരവായി ഇറങ്ങിയപ്പോള്‍ കാലാവധി മൂന്ന് മാസമായി കുറച്ചു. അലവന്‍സുകളും ആനൂകൂല്യങ്ങളും 30% മുതല്‍ 35 % വരെ കൂട്ടാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. യാത്ര ചെലവുകള്‍, ഫോണ്‍ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ധനവ് വേണമെന്നാണ് നിര്‍ദേശിക്കുന്നത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്താതെ ടി.എ അക്കമുള്ള അലവന്‍സുകള്‍ വര്‍ധിപ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം. ടി.എ കിലോമീറ്ററിന് 15 എന്നത് 20 രൂപയാക്കി ഉയര്‍ത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. 2018ലാണ് ഇതിന് മുമ്പ് ശമ്പളവര്‍ധന നടപ്പാക്കിയത്. ഇതു പ്രകാരം മന്ത്രിമാര്‍ 97,429 രൂപയും, എം.എല്‍. എമാര്‍ക്ക് 70000 രൂപയും ആണ് നിലവിലെ ശമ്പളം.