അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി
മുംബൈ: വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം. ഇരുവരുടേയും അറസ്റ്റ് നിയമപരമല്ലായെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടേയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിന് നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരമുള്ള അനുമതി നിര്‍ബന്ധമാണെന്നും ഇത് സി.ബി.ഐക്ക് ലഭിച്ചില്ലെന്നും ഇരുവരും കോടതിയെ ബോധിപ്പിച്ചു. ഒരു ലക്ഷം രൂപവീതം കെട്ടിവച്ച് ഇരുവര്‍ക്കും പുറത്തിറങ്ങാമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണവുമായി ദമ്പതികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ സി.ബി.ഐ ഓഫീസിലെത്തണമെന്നും ബോംബെ ഹൈക്കോടതി വിശദമാക്കി. പാസ്‌പോര്‍ട്ട് സി.ബി.ഐയ്ക്ക് നല്‍കണമെന്നും കോടതി ദമ്പതികളോട് നിര്‍ദേശിച്ചു. ചന്ദ കൊച്ചാറിനായി മുതിര്‍ന്ന അഭിഭാഷകനായ അമിത് ദേശായിയാണ് കോടതിയില്‍ ഹാജരായത്.
2018 മാര്‍ച്ചിലാണ് ചന്ദയ്‌ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നത്. ഐ.സി.ഐ.സി.ഐ മേധാവിയായിരുന്ന 2012ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3250 കോടി രൂപ വായ്പ അനുവദിച്ചെന്ന കേസിലാണ് ആരോപണം നേരിട്ടത്. ദീപക് കൊച്ചാറുമായി ചേര്‍ന്ന് വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത്ത് ഒരു കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും തുടര്‍ന്ന് സ്വത്തുക്കള്‍ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് അഴിമതി പുറത്തായത്. തുടര്‍ന്ന് 2018 ഒക്ടോബറില്‍ ചന്ദാ കൊച്ചാര്‍ ഐ.സി.ഐസി.ഐ ബാങ്ക് മേധാവി സ്ഥാനത്ത് നിന്ന് രാജി വച്ചു. കഴിഞ്ഞ ഡിസംബര്‍ 23നാണ് ചന്ദ കൊച്ചാറിനേയും ഭര്‍ത്താവ് ദീപക് കൊച്ചാറിനേയും സി.ബി.ഐ അറസ്റ്റ് ചെയ്തത്.