ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് മരവിപ്പിച്ചത്. പരസ്യം പതിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി നല്‍കിയ പുതിയ സ്‌കീമില്‍ ,സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടുകയും ചെയ്തു. പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും, മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് മാത്രമേ ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും പരസ്യം പതിക്കൂ, മറ്റുവാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെ പരസ്യം നല്‍കുമെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 20നാണ് കെ.എസ്.ആര്‍.ടിസി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.