കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) ലിമിറ്റഡിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ‘ദ്യുതി -2023’ എന്ന പേരിലുള്ള പരിപാടി യു.എല്‍ സൈബര്‍പാര്‍ക്കില്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം ചെയ്തു. അടുത്ത 50 വര്‍ഷം നിര്‍മാണരംഗത്ത് ഉണ്ടാകാന്‍ പോകുന്ന വികസനം മുന്നില്‍ക്കണ്ട് ആയിരിക്കണം ഇലക്ട്രിക്കല്‍ വിങ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സൊസൈറ്റിയുടെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പ് ആയിരുന്നു 2013-ലെ ഇലക്ടിക്കല്‍ വിങ്ങിന്റെ രൂപവല്‍ക്കരണം. അതുവരെ കെട്ടിട നിര്‍മാണങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഉപകരാര്‍ നല്‍കുകയായിരുന്നു. ആ പരാശ്രയത്വം അവസാനിച്ചു എന്നു മാത്രമല്ല, 2013-ല്‍ തുടങ്ങിയ ഇലക്ടിക്കല്‍ വിങ് പടിപടിയായി വളര്‍ന്നു. ഇലക്ടിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ എ ക്ലാസ്സ് ലൈസന്‍സ് കരസ്ഥമാക്കിയതിനും സ്വതന്ത്രമായി ടെന്‍ഡറില്‍ പങ്കെടുത്ത് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തി നേടിയതിനും വിങ്ങിനെ ചെയര്‍മാന്‍ അഭിനന്ദിച്ചു.
കരാറെടുക്കുന്ന നിര്‍മാണങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ മാത്രം ചെയ്യുന്നതില്‍നിന്നു മറ്റ് ഇലക്ട്രിക്കല്‍ വര്‍ക്കുകളും ഏറ്റെടുത്തു തുടങ്ങിയത് പുതിയ വഴിത്തിരിവാണെന്ന് അധ്യക്ഷത വഹിച്ച മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു പറഞ്ഞു. മൂന്ന് എന്‍ജിനീയര്‍മാരും അഞ്ചു ടെക്നിഷ്യന്‍മാരും എന്നതില്‍നിന്ന് 75-ഓളം എന്‍ജിനീയര്‍മാരും സി ക്ലാസ് അംഗത്വമുള്ള 160 ടെക്നിഷ്യന്‍മാരും 300-ഓളം നോണ്‍ മെമ്പര്‍ ടെക്നിഷ്യന്‍മാരുമായി വളര്‍ന്നു സുസജ്ജമായ ഈ വിഭാഗം ഇലക്ട്രിക്കല്‍ രംഗത്ത് കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കിവരുന്നുണ്ട്.
ഇലക്ട്രിക്കല്‍ വിങ് മാനേജര്‍ ബിജേഷ് വി. കെ. ഇലക്ട്രിക്കല്‍ വിങ്ങിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയരക്ടര്‍ എം. പദ്മനാഭന്‍, ടി.ടി ഷിജിന്‍, രാജീവന്‍ ടി. പി. (ജി.എം ബില്‍ഡിങ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), ഷൈനു പി. (ജി.എം റോഡ്‌സ്), അസിസ്റ്റന്റ് മാനേജര്‍ സുജേഷ് വി. പി. എന്നിവര്‍ ആശംസ നേര്‍ന്നു. ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ടി. കെ. പ്രത്യേക പ്രബന്ധവും എം.ഇ.പി സീനിയര്‍ മാനേജര്‍ സജിത്ത് ജി. ആര്‍ ഇലക്ട്രിക്കല്‍ വിങ്ങിന്റെ വിഷനും അവതരിപ്പിച്ചു. തുടര്‍ന്ന് വിങ്ങിലെ കലാകാരന്മാരുടെ കലാപ്രകടനവും, വാട്ടര്‍ ഡ്രം ഡിജെ എന്നിവയും ഉണ്ടായിരുന്നു.