തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ പോലിസ് സ്‌റ്റേഷനിലെ സി.ഐ പി.ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡി.ജി.പിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലിസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാത്സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡി.ജി.പി ഉത്തരവില്‍ വ്യക്തമാക്കി. സുനു പ്രതിയായ ആറ് ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചി, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ പോലിസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചത് അതീവ ഗുരുതരമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇയാള്‍ ആറ് മാസം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.