വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി അറസ്റ്റില്‍

വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശങ്കര്‍ മിശ്ര(34) ആണ് അറസ്റ്റിലായത്. ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ വച്ചാണ് സംഭവം നടന്നത്. പ്രതിയെ ബംഗളുരുവില്‍ നിന്നാണ് പോലിസ് പിടികൂടിയത്. ഒളിവിലായ ശങ്കര്‍ മിശ്രക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലിസിന് ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.
ശങ്കര്‍ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പോലിസ് ബംഗളൂരുവില്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശങ്കര്‍ മിശ്ര ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാന്‍ പോലിസിന് സഹായകരമായി.

വിമാനത്തിലുണ്ടായ സംഭവത്തെ തുടര്‍ന്ന് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പോലിസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്ച മാത്രമാണ് എയര്‍ ഇന്ത്യ പോലിസില്‍ പരാതി നല്‍കിയത്.

പരാതിക്ക് പിന്നാലെ, എയര്‍ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയില്‍ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) മുന്നറിയിപ്പ് നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *