തലശ്ശേരി: മനുഷ്യന്റെ വലിപ്പം അളക്കേണ്ടത് മനസ്സിന്റെ വലിപ്പം കൊണ്ടാണെന്നും വാക്കുകള്‍ ആയുധം ആക്കേണ്ടത് നശീകരണത്തിനല്ലെന്നും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കെ.പി കുഞ്ഞിമൂസ പുരസ്‌കാര സമിതിയുടെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഹുമത സമൂഹത്തില്‍ നന്മനിറഞ്ഞ മനുഷ്യനായി ജീവിച്ചു എന്നുള്ളതാണ് കെ.പി കുഞ്ഞിമുസയുടെ പ്രത്യേകതയെന്നും പത്രലോകത്ത് നിര്‍ഭയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ പ്രൊഫസര്‍ എ.പി സുബൈര്‍ അധ്യക്ഷത വഹിച്ചു. മൈത്രി പുരസ്‌കാരം ഫിറോസ് ഖാന്‍ പുത്തനത്താണിക്ക് ഗവര്‍ണര്‍ നല്‍കി. ചന്ദ്രിക മുന്‍ പത്രാധിപര്‍ ടി.സി മുഹമ്മദ് കെ.പി അനുസ്മരണ പ്രഭാഷണം നടത്തി. കമാല്‍ വരദൂര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.വി സൈനുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ പി.സി അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.