കോഴിക്കോട്: ‘ കാത്തുവയ്ക്കാം സൗഹൃദ കേരളം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി എം.എസ്.എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച ‘ദി ക്ലൂ’ എക്‌സ്‌പോ സമാപിച്ചു. കലോത്സവ നഗരിക്കടുത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സജ്ജമാക്കിയ ഭക്ഷണ പന്തലിന് സമീപമാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. വര്‍ഗീയതക്കും വെറുപ്പിനുമെതിരേ സൗഹൃദത്തിന്റെ മതില്‍കെട്ട് തീര്‍ത്ത് കേരളീയ പാരമ്പര്യം മുറുകെ പിടിക്കണമെന്ന സന്ദേശമാണ് എക്‌സിബിഷനിലൂടെ നല്‍കിയത്. മതമൈത്രിയുടെയും സൗഹൃദത്തിന്റെയും പ്രാധാന്യം മനസിലാക്കി സ്‌നേഹബന്ധങ്ങള്‍ തകര്‍ക്കുന്ന ലഹരിക്കെതിരേ പ്രതിഷേധത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയാണ് എക്‌സിബിഷന്‍ ഹാള്‍ സന്ദര്‍ശിക്കുന്ന നൂറുകണക്കിനാളുകള്‍ മടങ്ങി പോയത്.
സ്‌നേഹത്തില്‍ ചാലിച്ച സുലൈമാനിയും കോഴിക്കോടന്‍ ഹല്‍വയും നല്‍കിയാണ് സംഘാടകര്‍ അതിഥികളെ സ്വീകരിച്ചത്. എല്ലാ ദിവസവും സൗജന്യമായി ‘സൗഹൃദ ചായ’ വിതരണവും സംഘാടക സമിതി ഒരുക്കിയിരുന്നു. എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, വര്‍ക്കിങ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി, ട്രഷറര്‍ ജസിന്‍ നജീബ്, ഭാരവാഹികളായ ഷഫീഖ് അസ്ഹരി, നജീബ് തവനൂര്‍, നദീര്‍ മൊറയൂര്‍, ബാദുഷ തൊടുപുഴ, അന്‍ശിദ് നരിക്കുനി, സവാദ് പൂനൂര്‍, ദാനിഷ് അരീക്കോട്, ഷഹിം പാറന്നൂര്‍, സമാഹ് ഫാറൂഖി എന്നിവര്‍ നേതൃത്വം നല്‍കി.