കലോത്സവത്തിലെ കോഴിക്കോടന്‍ പെരുമ…

കലോത്സവത്തിലെ കോഴിക്കോടന്‍ പെരുമ…

കോഴിക്കോട്:സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നതില്‍ കോഴിക്കോടിന് ഒരു പ്രത്യേക വിരുതുണ്ട്. ആദ്യം പിന്നില്‍ നിന്ന്, പിന്നീടൊരു വരവാണ്, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ. കാരണം 61 സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പുയര്‍ത്തിയത് കോഴിക്കോടാണ്. ഒന്നും രണ്ടുമല്ല ഇതോടെ 20 തവണയാണ് കോഴിക്കോട് ഓവറോള്‍ കിരീടം ചൂടിയത്. കോഴിക്കോട് ഏറ്റവും കുടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കുക മാത്രമല്ല, സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് അടിച്ചതും കോഴിക്കോട് തന്നെ. 1991 -1993ലാണ് കോഴിക്കോട് ഏറ്റവും ആദ്യം ഹാട്രിക്ക് സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് പലതവണ ഈ ഹാട്രിക്ക് നേട്ടം ഈ ജില്ല ആഘോഷിച്ചു. അതുപോലെ തന്നെ 1960ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയൊരുക്കിയ ജില്ല പിന്നീട് 1976, 1987, 1994, 2002, 2010, 2015, 2023 എന്നീ വര്‍ഷങ്ങളിലും കലോത്സവത്തിനായി വേദിയൊരുക്കി. ഓരോ തവണ വേദിയൊരുക്കുമ്പോഴും ഓരോ പ്രത്യേകതകളുമുണ്ടായിരുന്നു. 1976ല്‍ കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തി. കലോത്സവത്തിന് മുന്‍പായുള്ള ഘോഷയാത്രയുടെ തുടക്കവും ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോള്‍. 1994ല്‍ വേദിയൊരുക്കിയപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും സി.ബി.എസ്.സി വിദ്യാര്‍ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നത് 2010ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോഴാണ്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഈ ജില്ലയെ ഒഴിവാക്കി ഒരു ചരിത്രമില്ല. എട്ട് തവണ വീതമാണ് കോഴിക്കോടും തൃശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *