കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാല് ദിനം പിന്നിടുമ്പോള്‍ 891 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 883 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 872 പോയിന്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ പാലക്കാട് ഗുരുകുലം സ്‌കൂള്‍ 149 പോയിന്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്.
ആകെയുള്ള 239ല്‍ 228 ഇനങ്ങളും പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 18ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം, ടിപ്പിള്‍/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങിയ ഇനങ്ങള്‍ വേദിയിലെത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയാകും.