കോഴിക്കോട്: സംസ്‌കൃതോത്സവം മികവുറ്റ രീതിയില്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന സംസ്‌കൃതോത്സവത്തിലെ സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ സംഘാടനം മികവുറ്റതാണ്. എല്ലാവരും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ വിജയിപ്പിക്കുന്നത്. സംസ്‌കൃതോത്സവം ചെയര്‍പേഴ്‌സണ്‍ സി.രേഖ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് പണ്ഡിതസമാദരണം ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഉണ്ണിരാമന്‍ മാസ്റ്റര്‍, എം.കെ.സുരേഷ്ബാബു, എന്‍. നാരായണന്‍ മാസ്റ്റര്‍, ഡോ.ടി.ഡി സുനീതിദേവി എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി.കെ.ധനേഷ് (ഡി.ഇ.ഓ) സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി സനല്‍ ചന്ദ്രന്‍, കെ.ഡി.എസ്.ടി.ഫ് സംസ്ഥാന പ്രസിഡന്റ് നീലമല ശങ്കരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍ കെ.പി സ്വാഗതവും കണ്‍വീനര്‍ സി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഡോ.ഫ്രാന്‍സിസ് അറക്കല്‍ മോഡറേറ്ററായി നടന്ന സെമിനാറില്‍ കലാ-സാഹിത്യരംഗത്ത് സംസ്‌കൃതത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ ഡോ.ജ്യോത്സ്‌ന.ജി പ്രബന്ധം അവതരിപ്പിച്ചു.
സി.പി സുരേഷ് ബാബു സ്വാഗതവും ബിജുകാവില്‍ നന്ദിയും പറഞ്ഞു.