കോഴിക്കോട്: സംഘാടന മികവു കൊണ്ട് ശ്രദ്ധേയമാകുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് മറ്റൊരു പൊന്‍ തൂവലാവുകയാണ് കലോത്സവ വണ്ടികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ഥികളുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കലോത്സവ വണ്ടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബസുകളും ഇന്നോവ കാറുകളും ഉള്‍പ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികള്‍ എന്ന പേരില്‍ സൗജന്യ സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുന്നതോടെ കര്‍മ്മ നിരതരായി വാഹനങ്ങള്‍ നിരത്തിലുണ്ട്. തുടര്‍ന്ന് മത്സരാര്‍ഥികളുമായി വേദികളിലേക്കും ഭക്ഷണ ശാലകളിലേക്കുമുള്ള യാത്രകളാണ്. രാത്രി കുട്ടികളെ സുരക്ഷിതമായി താമസ്ഥലങ്ങളില്‍ എത്തിച്ചാണ് കലോത്സവ വണ്ടികള്‍ പര്യടനം അവസാനിപ്പിക്കുന്നത്. ക്ലസ്റ്റര്‍ തിരിച്ചാണ് താമസസ്ഥലത്തേക്ക് വണ്ടികള്‍ സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ ഒമ്പതോളം ക്ലസ്റ്ററുകളുണ്ട്. മത്സരാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് വേദികളില്‍ നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കുമാണ് വാഹനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.മത്സര വേദികള്‍ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവായതായും യാത്ര സൗജന്യമായതിനാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്നുണ്ടെന്നും മത്സരാര്‍ഥികള്‍ പറയുന്നു. ഇതുവരെയുള്ള കലോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആശയമാണ് കലോത്സവ വണ്ടികളിലൂടെ സംഘാടകര്‍ മുന്നോട്ട് വെച്ചത്.ജനുവരി രണ്ടിനാണ് കലോത്സവ വണ്ടികള്‍ പര്യടനം തുടങ്ങിയത്.