കോഴിക്കോട്: ആട്ടവും പാട്ടുമായി കലോത്സവ വേദികളില്‍ കൗമാര മാമാങ്കം തകര്‍ക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍. കലോത്സവത്തിന്റെ എല്ലാവേദികളും വന്‍ ജനപങ്കാളിത്തമാണുള്ളത്. വേദികളിലെല്ലാം ഇരിക്കാന്‍ സ്ഥലമില്ലാത്ത വിധം കാണികള്‍ നിറഞ്ഞു. കലാപ്രതിഭകള്‍ വേദിയില്‍ സര്‍ഗ്ഗവസന്തം സൃഷ്ടിക്കുമ്പോള്‍ കോഴിക്കോട്ടെയും മറ്റ് ജില്ലകളിലെയും ജനങ്ങള്‍ വേദിയിലേക്ക് പ്രവഹിക്കുകയാണ്. കലോത്സവം പ്രമാണിച്ച് കോര്‍പറേഷന് പരിധിയിലെ സ്‌കൂളുകള്‍ അവധിയായതും കാണികളുടെ പങ്കാളിത്തം കൂടാന്‍ ഇടയാക്കി. ഒന്നാം വേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി അരങ്ങേറിയപ്പോള്‍ ഗ്രൗണ്ടില്‍ നില്‍ക്കാനിടമില്ലാത്തവിധം കാണികളായിരുന്നു. ചട്ടയും മുണ്ടും ലോലാക്കുമിട്ട സുന്ദരിക്കുട്ടികളുടെ പ്രകടനം ആരെയും പിടിച്ചുനിര്‍ത്തുന്നതായിരുന്നു. ഒപ്പന മത്സരം നടന്ന തളിയിലെ രണ്ടാം വേദിയിലും ‘ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍’ വരുന്ന തിരുവാതിരക്കളിയുടെ മൂന്നാം വേദി സാമൂതിരി സ്‌കൂളിലും നിറഞ്ഞ സദസായിരുന്നു. കൊവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒരേ മനസ്സോടെയാണ് പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഏറ്റെടുത്തിരിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും, കലാസ്വാദകരും സര്‍ക്കാരും ഒക്കെ ചേര്‍ന്ന് കോഴിക്കോട്ടെ യുവജനോത്സവത്തെ ചരിത്രമാക്കുകയാണ്.