കളി ഒരു ദേശത്തിന്റെ കഥ പറയുന്നു: മയ്യഴിയില്‍ ഫുട്‌ബോള്‍ മാമാങ്കം

കളി ഒരു ദേശത്തിന്റെ കഥ പറയുന്നു: മയ്യഴിയില്‍ ഫുട്‌ബോള്‍ മാമാങ്കം

ചാലക്കര പുരുഷു

മാഹി: മയ്യഴി പള്ളി പെരുന്നാള്‍ കഴിഞ്ഞാല്‍, വിദൂരങ്ങളില്‍ നിന്നു പോലും ആളുകള്‍ കൂട്ടത്തോടെ വന്നെത്തുന്ന മറ്റൊരു മഹോത്സവമാണ് ദശകങ്ങളായി മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തി വരുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്ബാള്‍ കമ്പക്കാരായ ഫ്രഞ്ചുകാര്‍ തന്നെയാണ് മയ്യഴി പ്ലാസ് ദ് ആംസ് ഗ്രൗണ്ടില്‍ കാല്‍പ്പന്ത് കളിയുടെ ആവേശാരവങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ബ്രിട്ടീഷുകാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരായ ഫ്രഞ്ചുകാര്‍ വിദ്യാഭ്യാസ-സാംസ്‌കാരിക-കായിക മേഖലകളില്‍ സമ്പന്നമായ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. കൊല്ലപ്പെട്ട പ്രമുഖ ഫുട്‌ബോള്‍ കളിക്കാരന്‍ ജയപ്രകാശന്റെ നാമധേയത്തില്‍ 1940കളില്‍ നടത്തപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എം.മുകുന്ദന്റേയും, എം.രാഘവന്റേയും അമ്മാവനും മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപകാംഗവുമായിരുന്ന സി.പി.കുമാരന്‍ അറിയപ്പെടുന്ന ഫുട്ബാള്‍ താരമായിരുന്നു. ഓലകൊണ്ട് മറച്ചായിരുന്നു ആദ്യ കാലങ്ങളില്‍ മത്സരം നടത്തിയിരുന്നത്.

പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.പി.ശ്രീധരനായിരുന്നു ആദ്യ കാലങ്ങളില്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചിരുന്നത്. സി.പി കുമാരന്‍ മാന്ത്രിക ശേഷിയുള്ള സ്റ്റോപ്പര്‍ ബാക്കായിരുന്നു. കണ്ടോത്ത് കിട്ടു ഓള്‍റൗണ്ടറും, എയര്‍ ഫോഴ്‌സ് താരമായ ബാലചന്ദ്രന്‍ ഗോള്‍മുഖത്ത് മിന്നല്‍പ്പിണരുകള്‍ തീര്‍ക്കുന്ന സ്‌ട്രൈക്കറുമായിരുന്നു. സെവന്‍സ് ഫുട്‌ബോളിനെ ‘ഫിഫ ‘അംഗീകരിക്കാത്തതിനാല്‍, മിക്ക ദേശീയ താരങ്ങളും ഇവിടെ ജേതാക്കളായപ്പോള്‍, ക്യാമറ കണ്ണുകളില്‍ നിന്ന് വഴിമാറി നില്‍ക്കുക പതിവാണ്. അന്തര്‍ദേശീയ-ദേശീയ- സംസ്ഥാനങ്ങളില്‍ തിളങ്ങിയ കളിക്കാരൊക്കെയും മയ്യഴിക്കാരുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ അനുഭൂതി നുണഞ്ഞവരാണ്. പാട്യാലയില്‍ നിന്നും ഫുട്‌ബോള്‍ പരിശീലനത്തില്‍ ബിരുദം നേടിയെത്തിയ കെ.കെ സുധാകരന്‍ മാസ്റ്റര്‍ പിന്നിട് ഒട്ടേറെ കളിക്കാരെ വാര്‍ത്തെടുക്കുകയായിരുന്നു. ഒട്ടേറെ സംസ്ഥാന-ദേശീയ തല മത്സരങ്ങളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച ഉമേഷ് ബാബു, ഹരിദാസ്, സഞ്ജയ്, വിജയന്‍, ദിനേശന്‍, പുഷ്പന്‍, ജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ മൈതാനത്തിന്റെ അഭിമാന സന്തതികളാണ്. സുധാകരന്‍ മാസ്റ്റര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ കീഴില്‍ ഇപ്പോള്‍ മുന്നൂറ് കുട്ടികളാണ് മൂന്ന് ഗ്രൗണ്ടുകളിലായി വര്‍ഷങ്ങളായി തുടര്‍ച്ചയായ പരിശീലനം നടത്തി വരുന്നത്. ഫുട്‌ബോള്‍ എന്നത് മയ്യഴിക്കാര്‍ക്ക് തലമുറകളായി ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ ആവേശം നല്‍കുന്ന ഒന്നാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *