കൊച്ചി: വിദ്യാഭ്യാസ മേഖലകളില്‍ നൂതനമായ പല പദ്ധതികളും ആവിഷ്‌കരിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് ഡോ.ഡാനിയയില്‍ അച്ചാരുപറമ്പിലെന്ന് ടി.ജെ. വിനോദ് എം.എല്‍.എ പറഞ്ഞു. വരാപ്പുഴ അതിരൂപത കെ.എല്‍.സി.എ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ-കായിക രംഗങ്ങളില്‍ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുവാന്‍ ഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലൂര്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് സ്‌പോര്‍ട്‌സ് ക്യാമ്പസില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എല്‍.സി.എ വരാപ്പുഴ അതിരൂപ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ചെയര്‍മാന്‍ ഫാ.ഡോ ആന്റണി തോപ്പില്‍ മുഖ്യാതിഥിയായിരുന്നു. അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ഡയരക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ഫിറ്റ്‌നസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡീന ജോസ് അറക്കല്‍, അതിരൂപത ട്രഷറര്‍ എന്‍.ജെ. പൗലോസ്, മാത്യു വില്‍സണ്‍, പ്രോഗ്രാം കണ്‍വീനര്‍ നിക്‌സണ്‍ വേണാട്ട്, അതിരൂപത സെക്രട്ടറിമാരായ ബേസില്‍ മുക്കത്ത്, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു. നാളെ (ജനുവരി ഏഴിന്) രാവിലെ നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം മന്ത്രി പി.രാജീവ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. നിഖില്‍ വില്‍സണ്‍, സണ്ണി അസ്വസ് എന്നിവരുടെ ഓര്‍മ നിലനിര്‍ത്തുന്ന എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ എറണാകുളത്തെ
നിരവധി സ്‌കൂളുകള്‍ അണിനിരക്കുന്നുണ്ട്.