കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന്റെ ജൂറി കമ്മിറ്റി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. ഡോക്ടര്‍ എ.കെ ഗുപ്ത ( റിട്ട. ഐ.എഫ്.എസ് ) ചെയര്‍മാനായ ജൂറി കമ്മിറ്റിയാണ് അഴിയൂരില്‍ എത്തിയത്. സംഘത്തില്‍ ജൂറി മെമ്പര്‍ എ.കെ ജോഹരി ( റിട്ട. ഐ.എഫ്.എസ് )യും ഉണ്ടായിരുന്നു. ജൈവവൈവിധ്യ പരിപാലനരംഗത്ത് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ മികച്ച ഇടപെടലുകളുടെയും നൂതന പദ്ധതികളുടെയും അടിസ്ഥാനത്തില്‍ 2022 ലെ മികച്ച ദേശീയ ബി.എം.സികള്‍ക്കുള്ള അവാര്‍ഡിനായി പഞ്ചായത്ത് അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം, കുടിനീര്‍ തെളിനീര്‍, മുത്തശ്ശിയോട് ചോദിക്കാം, തീരതണല്‍ പദ്ധതി, ഔഷധ ചെടി വിതരണം, കിണര്‍ വെള്ളം പരിശോധന, കോഴി മാലിന്യ നിര്‍മാര്‍ജന പദ്ധതി, ഫിലമെന്റ് രഹിത ഗ്രാമം എന്നീ പദ്ധതികളുടെ വിശദാംശങ്ങള്‍ സംഘം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് റിസര്‍ച്ച് ഓഫിസര്‍ ഡോക്ടര്‍ കെ. ശ്രീധരന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി മഞ്ജു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
പഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്ന പരിശോധന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ പവര്‍ പോയിന്റ് അവതരണം നടത്തി. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനിഷ ആനന്ദസദനം, രമ്യ കരോടി, അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ഇ.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘം പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ്, കണ്ടല്‍ വനം പ്രദേശം, തീര തണല്‍ പദ്ധതി പ്രദേശം, ചോമ്പാല്‍ കല്ലുപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, പ്രൊജക്ട് അസിസ്റ്റന്റ് കെ.കെ സഫീര്‍, ബയോഡൈവേഴ്‌സിറ്റി കണ്‍വീനര്‍ പി.കെ പ്രകാശന്‍, മറ്റ് ബി.എം.സി അംഗങ്ങള്‍, ജലമിത്രങ്ങള്‍, ഔഷധ മിത്രങ്ങള്‍, തീര മിത്രങ്ങള്‍, ഊര്‍ജ്ജ മിത്രങ്ങള്‍, എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. ഇന്ത്യയില്‍ ആകെ 323 അവാര്‍ഡ് അപേക്ഷകളില്‍ കേരളത്തില്‍ ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡിന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മാത്രമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.