ഹല്‍ദ്വാനിയിലെ റെയില്‍വേ ഭൂമിയിലെ കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഹല്‍ദ്വാനിയിലെ റെയില്‍വേ ഭൂമിയിലെ കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

  • ഇത് മാനുഷിക വിഷയമാണ്
  • കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പ് വരുത്തണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി റെയില്‍വേ ഭൂമിയിലെ കുടിയൊഴിപ്പിക്കലിന് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ഏഴ് ദിവസത്തിനകം ആളുകളെ ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. റെയില്‍വേയുടെ പക്കലുള്ള 29 ഏക്കര്‍ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതാണ് സുപ്രീംകോടതി തടഞ്ഞത്. അരലക്ഷത്തോളം വരുന്ന ആളുകളെ ഇത്തരത്തില്‍ ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് മാനുഷിക വിഷയമാണെന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പടെ ഉറപ്പ് വരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
60-70 വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒറ്റരാത്രികൊണ്ട് ഇത്രയും പേരെ വഴിയാധാരമാക്കാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഫെബ്രുവരി ഏഴിന് സുപ്രീംകോടതി വീണ്ടും വിഷയം പരിഗണിക്കും. വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയുടെ സ്റ്റേ വന്നതിന് പിന്നാലെ ജനങ്ങള്‍ ആഹ്ലാദം പ്രകടമാക്കി തെരുവുകളില്‍ ഇറങ്ങിയിട്ടുണ്ട്. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞായിരുന്നു ജനങ്ങള്‍ ആഹ്ലാദം പങ്കുവച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *