ചാലക്കര പുരുഷു
മാഹി: ഇന്‍ഡോര്‍ സ്റ്റേഡിയമുള്‍പ്പടെ നാല് മൈതാനങ്ങളും തുടര്‍ച്ചയായി ദേശീയ-സംസ്ഥാന കിരീടങ്ങള്‍ സ്വന്തമാക്കുകയും നിരവധി കായിക താരങ്ങളും പത്ത് കായികാധ്യാപകരുമുള്ള മാഹിയില്‍, സ്‌കൂള്‍ – കലാശാല തല കായിക മേഖലയോട് പുതുച്ചേരി ഭരണകൂടത്തിന് കടുത്ത അവഗണന.കായിക മേളക്കും, ശാസ്ത്രമേളക്കം സംസ്ഥാന-ദേശീയ തലത്തില്‍ വിജയികളാകുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും, തൊഴില്‍ പരിഗണനയും നിലനില്‍ക്കുമ്പോഴാണ് അക്ഷന്തവ്യമായ ഈ അവഗണന. 2500 ലേറെ കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേഖലാതല ത്രിദിന സ്‌കൂള്‍ കായിക മേളക്ക് ആകെ അനുവദിച്ചിട്ടുള്ളത് 1,47,500 രൂപയാണ്. മൂന്ന് ദിവസത്തെ ഭക്ഷണവും അനുബന്ധ ചിലവുകളും, സമ്മാനങ്ങളുമെല്ലാം ഈ സംഖ്യയില്‍ ഉള്‍പ്പെടും. മാത്രമല്ല കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നടന്നുവരുന്ന 84 അത്‌ലറ്റിക് സിനും 96ഗെയിംസിനുമടക്കം 450 സമ്മാനങ്ങളടക്കമുള്ള ചിലവുകളും ഇതേ സംഖ്യയില്‍ നിന്നാണ് വഹിക്കേണ്ടത്.
പുതുച്ചേരിയില്‍ മത്സരത്തിന് പോകുന്ന ഒരു താരത്തിന് ഒരു ദിവസത്തേക്ക് 125 രൂപയാണ് ലഭിക്കുക. കുട്ടികളോടും, കായിക മേഖലയോടും പ്രതിബദ്ധതയുള്ള കായിക അധ്യാപകര്‍ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് കുട്ടികളെ ഒരു വിധം പുതുച്ചേരിയിലെത്തിക്കുന്നത്. ഇത്രയേറെ പരിമിതികള്‍ നിലനില്‍ക്കുമ്പോഴും, ജൂനിയര്‍-സീനിയര്‍ വിഭാഗം ഫുട്ബാള്‍ മത്സരങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും മയ്യഴിയിലെ കുട്ടികളാണ് സംസ്ഥാന ചാമ്പ്യന്‍മാരായത്. ടേബിള്‍ ടെന്നീസിലും, കാരംസിലും സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാന ജേതാക്കളാണ്. സബ് ജൂനിയര്‍ ചെസ്സില്‍ മൂന്നാം സ്ഥാനവും, ബോള്‍ ബാഡ്മിന്റണില്‍ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനവും മയ്യഴിക്ക് നേടാനായി. കളരിപ്പയറ്റില്‍ രണ്ട് പേര്‍ക്ക് ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. പാട്‌നയില്‍ നടക്കാനിരിക്കുന്ന ദേശീയ കായിക മേളയില്‍ മയ്യഴിയിലെ 13 കുട്ടികള്‍ക്ക് ഇത്തവണ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. റോളര്‍ സ്‌കേറ്റിങില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടാനായ മയ്യഴിയിലെ താരത്തിന്, അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.
ഹൈജംബില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം സംസ്ഥാന തലത്തില്‍ അജയ്യത തെളിയിച്ച മാഹിക്ക് അത് നിലനിര്‍ത്താന്‍ കഴിയാതെ പോയത് ദൈനംദിന പരിശീലനം നല്‍കാന്‍ അനിവാര്യമായ ഹൈജംബ് ബെഡ് സ്വന്തമായി ഇല്ലാത്തതിനാലാണ്. സായ് സെന്ററില്‍ നിന്ന് ഏതാനും ദിവസം വാടകക്കെടുത്താണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. ഒട്ടേറെ പരിമിതികള്‍ക്കും, ഇല്ലായ്മകള്‍ക്കുമിടയിലാണ് മയ്യഴിയിലെ കായിക താരങ്ങള്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ സംസ്ഥാന-ദേശീയ മേളകളില്ലാത്ത, മാഹിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബാലകലാമേളക്ക് മൂന്ന് ലക്ഷത്തിലേറെ രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുമുണ്ട്. ഇതിന് പുറമെ ഓരോ കുട്ടിയില്‍ നിന്നും 10 രൂപ വീതം പിരിച്ചെടുക്കുകയും, പലവിധ സ്‌പോണ്‍സര്‍ഷിപ്പുമുണ്ട്. ഇതിനാകട്ടെ ഗ്രേസ് മാര്‍ക്കോ, തുടര്‍ മത്സരങ്ങളോ ഇല്ലതാനും.
ബാലകലാമേളക്ക് മാഹി വിദ്യാഭ്യാസ മേഖലാ അധികൃതര്‍ വന്‍തോതില്‍ താല്‍പര്യമെടുക്കുമ്പോള്‍, മിക്ക സ്‌കൂള്‍ അധികൃതര്‍ പോലും കായിക മേള നടക്കുന്ന ഗ്രൗണ്ടില്‍ തിരിഞ്ഞ് നോക്കാറുമില്ല. കായിക മേള കേവലം ചടങ്ങായി പരിണമിക്കുകയാണ്. കായിക മേളയുടെ പരിപോഷണത്തിനായി വേണ്ടത് ചെയ്യുമെന്നും ഹൈജംബ് ബെഡ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുമെന്നും രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞു. ഇതര മേഖലയ്ക്ക് നല്‍കുന്ന പരിഗണനപോലും കായിക മേഖലക്ക് നല്‍കാത്തത് കടുത്ത അവഗണനയാണ്. ഉപരി വിദ്യാഭ്യാസത്തിനും, തൊഴില്‍ സാദ്ധ്യതക്കുമുള്ള അവസരങ്ങളാണ് ഇത് മൂലം ഇല്ലാതാവുന്നതെന്ന് സി.എസ്.ഒ.മാഹി ചെയര്‍മാന്‍, കെ.ഹരിന്ദ്രനും പറഞ്ഞു.