ചാലക്കര പുരുഷു
മാഹി: ലക്ഷോപലക്ഷം മലയാളികളുടെ മനതാരില്‍ മായ്ക്കാനാവാത്ത മയ്യഴിക്കഥകള്‍ കൊത്തിവെച്ച മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവര്‍ എം.രാഘവന് ഇന്നലെ 66-ാം വിവാഹ വാര്‍ഷികം. സാഹിത്യത്തിലും ജീവിതത്തിലും നിഴല്‍ പോലെ പിന്‍പറ്റി സഞ്ചരിക്കുന്ന ഭാര്യ അംബുജാക്ഷിയും ഏതാനും ബന്ധുക്കളും മാത്രമാണ് വിവാഹ വാര്‍ഷികാലോഷനാള്‍ കൊണ്ടാടിയത്. ഭാര്യ കേക്ക് മുറിച്ച് നവതി പിന്നിട്ട രാഘവേട്ടന് മധുരം പകര്‍ന്നേകി. ദീര്‍ഘകാലം ഡല്‍ഹി- ഫ്രഞ്ച് എംബസിയില്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന രാഘവേട്ടന്റെ ദില്ലിയിലെ വീട് മലയാളി എഴുത്തുകാരുടെ ഒരു സങ്കേതമായിരുന്നു. എം.മുകുന്ദന്‍, ഒ.വി വിജയന്‍, കാക്കനാടന്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ്, സേതു, എം.പി.നാരായണപിള്ള എന്നിവര്‍ ഈ വീട്ടിലെ നിത്യസന്ദര്‍ശകരും വര്‍ഷങ്ങളോളം രാഘവേട്ടന്റെ ഭാര്യ അംബുജാക്ഷിയുടെ കൈപുണ്യത്തിന്റെ രുചിയറിഞ്ഞവരുമാണ്. ആധുനികത, ഉത്തരാധുനികത തുടങ്ങി മലയാള സാഹിത്യത്തിലെ സ്‌ഫോടകാത്മകമായ പരിവര്‍ത്തനങ്ങള്‍ക്ക് വെടിമരുന്നിട്ടത് ഇവിടെ വച്ചായിരുന്നു. അക്കാലത്ത് കേരള സമാജത്തിന് വേണ്ടി രാഘവേട്ടന്‍ എഴുതിയ ഒട്ടേറെ നാടകങ്ങളില്‍ ഭാര്യ അംബുജാക്ഷി നായികാ വേഷമണിഞ്ഞിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ,അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ രാഘവേട്ടന്റെ പ്രധാന കൃതികള്‍ നനവ്, നങ്കീസ്, മടക്കയാത്ര, ചിതറിയ ചിത്രങ്ങള്‍, വധു, ഇളക്കങ്ങള്‍ എന്നിവയാണ്.