മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മയ്യഴി മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്‌കൂള്‍ കലോത്സവം 2023 ഏഴ്, എട്ട് തിയ്യതികളിലായി പള്ളൂര്‍ കസ്തൂര്‍ബഗാന്ധി ഗവ. ഹൈസ്‌കൂളില്‍ വച്ച് നടക്കും. ‘കലയാണ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തി മാഹി മേഖലയിലെ 34 ഓളം സര്‍ക്കാര്‍ – സ്വാകര്യ വിദ്യാലയങ്ങളില്‍ നിന്ന് പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ആറോളം വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ച് വേദികളില്‍ 74 ഓളം ഇനങ്ങളിലായി 1800ല്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി, ജൂനിയര്‍ എല്‍.പി, സീനിയര്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ചാമ്പ്യന്‍ഷിപ്പും കലാതിലകം, കലാപ്രതിഭ പുരസ്‌കാരവും നല്‍കുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നല്‍കുന്നതാണ്.
കലോത്സവത്തിന്റെ ആദ്യ ദിനമായ ഏഴിന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തിയതിനു ശേഷം മയ്യഴി മേളത്തിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ നിര്‍വഹിക്കും. രണ്ടാം ദിനമായ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും. മയ്യഴിമേളത്തിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സത്യന്‍ കേളോത്ത് അറിയിച്ചു. ഭാരവാഹികളായ കെ.കെ.രാജീവ്, ചാലക്കര പുരുഷു, ആനന്ദ് കുമാര്‍ പറമ്പത്ത്, ശ്യാം സുന്ദര്‍, ഉത്തമന്‍ തിട്ടയില്‍, എം.എ.കൃഷ്ണന്‍, കെ.വി.ഹരീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.